ന്യൂയോര്‍ക്ക്:
കൊവിഡ് 19 പകർച്ചവ്യാധിയുടെ ഫലമായി ആഗോള സമ്പദ്‌വ്യവസ്ഥ 5.2 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ആഴത്തിലുള്ള മാന്ദ്യമാണിതെന്നും ലോകബാങ്ക് വ്യക്തമാക്കി. ലോക ബാങ്കിന്‍റെ ഏറ്റവും പുതിയ ആഗോള സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ 3.2 ശതമാനം സങ്കോചമുണ്ടാകുമെന്നും ലോകബാങ്ക് ചൂണ്ടികാട്ടുന്നു. 2020 ൽ വികസിത സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വളർന്നുവരുന്ന വിപണി സമ്പദ്‌വ്യവസ്ഥ 2.5 ശതമാനം ചുരുങ്ങുമെന്നും ലോക ബാങ്കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1945 -46 ന് ശേഷമുളള ഏറ്റവും അപകടകരമായ സ്ഥിതിയിലാണ് ആഗോള പ്രതിശീർഷ ജിഡിപിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.