Sat. Apr 27th, 2024

കോട്ടയം:

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം  ഒഴിയില്ലെന്ന നിലപാട് ആവർത്തിച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. ഇന്നലെ ഷിബു ബേബി ജോൺ ജോസ് കെ മാണിയുമായി നടത്തിയ ചർച്ചയിലും തർക്ക പരിഹാരം ഉണ്ടായില്ല. മധ്യസ്ഥ ചർച്ചകൾ പൊളിഞ്ഞതോടെ പിജെ ജോസഫ് ഇന്ന് ഒരു ദിവസം കൂടി സ്ഥാനമൊഴിയാന്‍ സമയം നീട്ടി നൽകിയിരിക്കുകയാണ്. ഇന്നും വഴങ്ങിയില്ലെങ്കിൽ നിലവിലെ പ്രസിഡന്റ്‌ സെബാസ്‌റ്റ്യൻ കുളത്തുങ്കലിനെതിരെ അവിശ്വാസപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കാനാണ്  പി ജെ ജോസഫ്‌ വിഭാഗത്തിന്‍റെ തീരുമാനം.

അതേസമയം, യഥാർത്ഥ കേരള കോൺഗ്രസ് ആരെന്നതിൽ ഇലക്ഷൻ കമ്മീഷൻ തീരുമാനം ഉണ്ടാകുംവരെ വഴങ്ങില്ലെന്ന നിലപാടിലാണ് ജോസ് പക്ഷം. സിപിഎം പിന്തുണ തേടി ജോസ് വിഭാഗം അധികാരത്തിൽ തുടരുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ഇതൊഴിവാക്കാൻ പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഇരു പക്ഷവുമായും ചർച്ചകൾ തുടരുകയാണ്.

 

 

By Binsha Das

Digital Journalist at Woke Malayalam