ഡൽഹി:
വരുംദിവസങ്ങളിൽ ഡൽഹി-എൻസിആർ മേഖലയിൽ വൻ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്‌മോളജി വകുപ്പ് വിദഗ്ദ്ധർ അറിയിച്ചു. ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും വിദഗ്ദ്ധർ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഡൽഹി-എൻസിആർ മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്.
തുടർച്ചയായുണ്ടായ ചെറുഭൂചലനങ്ങൾ വലുതിന്റെ സൂചനയാണെന്ന് ഐഐടി സീസ്‌മോളജി വകുപ്പ് മേധാവിയും അപ്ലൈഡ് ജിയോ ഫിസിക്സ് പ്രൊഫസറുമായ പി കെ ഖാൻ പറഞ്ഞു. ഭൂകമ്പ പ്രതിരോധനടപടികൾ സ്വീകരിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമുള്ള സമയം അതിക്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.