Sat. Nov 23rd, 2024
ഡൽഹി:

കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ ഇറ്റലിയെയും സ്‌പെയിനെയും മറികടന്നു.  ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി.  യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുൻപിലുള്ളത്.

നിലവിൽ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി നാൽപ്പത്തി മൂവായിരത്തി എഴുന്നൂറ്റി മുപ്പത്തി മൂന്നാണെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പറയുന്നത്. എന്നാൽ,  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രണ്ട് ലക്ഷത്തി മുപ്പത്തി ആറായിരത്തി അറുന്നൂറ്റി അമ്പത്തി ഏഴ് കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് മാത്രം ഒൻപതിനായിരത്തി എണ്ണൂറ്റി എൺപത്തി ഏഴ് പുതിയ കൊവിഡ് കേസുകളും ഇരുന്നൂറ്റി തൊണ്ണൂറ്റി നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു.  രോഗവ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം എൺപത്തി രണ്ടായിരം പിന്നിട്ടു. മരണം രണ്ടായിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപതായി. രോഗവ്യാപനത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ മുപ്പതിനായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും മരണനിരക്ക് 251ൽ എത്തുകയും ചെയ്തു.

By Arya MR