Mon. Dec 23rd, 2024

ഡൽഹി:

പാലക്കാട് ജില്ലയിലെ അമ്പലപ്പാറയിൽ ഗർഭിണിയായ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് ബിജെപി എം പി മനേകാ ഗാന്ധി നടത്തിയ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയായി പീപ്പിള്‍ ഫോര്‍ ആനിമല്‍സ് സംഘടനയുടെ സൈറ്റ് കേരള സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു. മനേകാ ഗാന്ധി ചെയർപേഴ്സൺ ആയിട്ടുള്ള മൃഗസംരക്ഷണ സംഘടനയാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ഇന്ത്യ.

മനേകാ ഗാന്ധിയുടെ പരാമർശങ്ങൾ തെറ്റാണെന്ന് തെളിയിക്കാനായി ആന ചെരിഞ്ഞത് മലപ്പുറത്തല്ല പാലക്കാട് ആണെന്ന് വ്യക്‌തമാക്കിക്കൊണ്ടുള്ള ജില്ലയുടെ ഒരു ഗൂഗിൾ മാപ്പ് ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഒരു ആനയുടെ മരണം മനേകാ ഗാന്ധി മോശം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്നും നിങ്ങളുടെ അജണ്ട കൃത്യമാണെന്നും അത് മൃഗസ്നേഹമല്ല മുസ്ലീം വിരോധത്തിന്‍റെ മുഖംമൂടിയാണെന്നും സൈറ്റിൽ എഴുതിച്ചേർത്തിട്ടുണ്ട്. എംപിയും, മുന്‍ മന്ത്രിയുമായ മനേകയുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും സൈബർ വാരിയേഴ്‌സ് സൈറ്റിൽ കുറിച്ചു.

അതേസമയം, ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയെ അവഹേളിച്ചതിന് മുസ്ലിം ലീഗ് മനേകാ ഗാന്ധിയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. തെറ്റായ പരാമർശം പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് പാർട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേന അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നത്.

By Arya MR