Mon. Dec 23rd, 2024

കഠിനംകുളത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിന്നീട് യുവതിയുടെ രഹസ്യമൊഴി   രേഖപ്പെടുത്തിയ ശേഷം പ്രതികളുടെ അറസ്റ്റ് റെക്കോർഡ് ചെയ്യുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി പിവി ബേബി പറഞ്ഞു.

ഇവരുടെ അഞ്ച് വയസുള്ള കുട്ടിയുടെ മുന്നിൽവെച്ചാണ് പീഡനം നടന്നതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ആയതിനാൽ, ഏഴ് പ്രതികൾക്കെതിരെയും പോക്‌സോ ചുമത്തും. ഇവരുടെ മൂത്ത കുട്ടി കേസിൽ പ്രധാന സാക്ഷിയാകും.

കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ഭർത്താവിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതിയ്ക്ക് നിർബന്ധിച്ച് മദ്യം നൽകിയ ശേഷമാണ് ഭർത്താവും സുഹൃത്തുക്കളും ബലാത്സംഗത്തിന്  ഇരയാക്കിയത്.

സംഭവസ്ഥലത്ത് നിന്നും ഇറങ്ങി ഓടിയ തന്നെ നാട്ടുകാരാണ് രക്ഷിച്ച് തിരികെ വീട്ടിലാക്കിയതെന്നും എന്നാൽ, വീട്ടിലെത്തിയ ഭർത്താവ് സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് തന്നെ മർദ്ദിക്കുകയും ചെയ്തുവെന്ന് യുവതി മൊഴി നൽകി. ഒപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകനും മർദ്ദനമേറ്റതായി മൊഴിയിൽ പറയുന്നു. കുട്ടിയെ സമീപത്തുള്ള വീട്ടിലാക്കി തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നുവെന്ന് യുവതി പറയുന്നു.

By Arya MR