തിരുവനന്തപുരം:
ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ റൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജൂൺ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ പുനസംപ്രേക്ഷണവും എന്ന രീതിയായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ക്ലാസ്സുകളുടെ നടത്തിപ്പിന് ചില അപാകതകൾ നേരിട്ടതിനാൽ ട്രയൽ സമയം രണ്ടാഴ്ചയായി വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഈ സമയപരിധിയ്ക്കുള്ളിൽ എല്ലാ അപാകതകളും പരിഹരിക്കുമെന്നാണ് സർക്കാർ പറയുന്നത്.
ഈ വർഷത്തെ അധ്യയനവർഷം ആരംഭിച്ചത് വിക്‌ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ലാസ്സുകളിലൂടെയാണ്. സംസ്ഥാനത്തിന്റെ ഡിജിറ്റൽ പാഠ്യപദ്ധതിയിലേക്കുള്ള ചുവട്‌വെയ്പ്പിന് അഭിനന്ദനങ്ങൾ ഏറെ ലഭിച്ചിരുന്നുവെങ്കിലും രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് ടിവി, സ്മാർട്ട് ഫോൺ തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഈ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല.
ഈ കണക്കുകൾ നേരത്തെ ലഭിച്ചിരുന്നിട്ടും സർക്കാരിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു. ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേവിക സർക്കാരിന്റെ പിഴവുകളുടെ രക്തസാക്ഷിയാണെന്നും പ്രതിപക്ഷനേതാവടക്കം ആരോപിച്ചിരുന്നു.