തിരുവനന്തപുരം:
പമ്പയില്‍ നിന്നുള്ള മണല്‍ നീക്കം തടഞ്ഞുകൊണ്ട് വനംവകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഇതേതുടര്‍ന്ന് മണലെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പമ്പയില്‍ നിന്നുള്ള മണല്‍ നീക്കത്തില്‍ വനം വകുപ്പിന്‍റെ അനുമതി ഉണ്ടായിരുന്നില്ല. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വാക്കാല്‍ നല്‍കിയ നിര്‍ദ്ദേശാനുസരണമാണ് മണല്‍ നീക്കം നടക്കുന്നത്. കേരള ക്ലേയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡിനാണ് ചുമതലയെങ്കിലും സ്വകാര്യ കമ്പനിയാണ് മണല്‍ നീക്കുന്നത്.
മണല്‍ എന്നും അഴിമതിക്കുള്ള ഉപാധിയാണെന്നും മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ ആരോപണം അന്വേഷിക്കണമെന്നും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
പ്രളയത്തില്‍ പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ ഉത്തരവിറക്കിയതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാന് രമേശ് ചെന്നിത്തല ഇന്നലെ വാര്‍ത്താ സമ്മേളമനത്തില്‍ ആരോപിച്ചിരുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പ് ടോം ജോസും ഡിജിപി ലോക്നാഥ് ബെഹ്റയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.