Fri. Apr 19th, 2024
തിരുവനന്തപുരം:

 
സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്നാഥ് ബെഹ്റയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പ്രളയത്തില്‍ പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ ഉത്തരവിറക്കാനായിരുന്നു യാത്ര. മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ മണൽ വില്പന നടത്താനാണ് ശ്രമമെന്നും ഒരു പൊതു മേഖല സ്ഥാപനത്തിന്റെ പേരിൽ വില്പന നടത്താനുള്ള ദുരൂഹ നീക്കമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ മണലും മണ്ണുമാണ് പമ്പ ത്രിവേണിയില്‍ കെട്ടിടക്കിടക്കുന്നത്. വനം മന്ത്രി പറഞ്ഞത് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ്. വനം വകുപ്പ് അറിയാതെ ദുരന്തനിവാരണ നിയമമനുസരിച്ചാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഈ പെട്ടെന്നുള്ള ഉത്തരവില്‍ ദുരൂഹതയുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.

മാലിന്യം നീക്കാനെന്ന പേരില്‍ സിപിഎം നേതാവ് ചെയര്‍മാനായ കണ്ണൂരിലെ കേരള ക്ലേ ആന്റ് സെറാമിക്‌സ് എന്ന പൊതുമേഖല സ്ഥാപനത്തിനാണ് മണല്‍ നീക്കാനുള്ള കരാര്‍ നല്‍കിയതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന തുക സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ടതാണ്. ദുരൂഹമായ സാഹചര്യത്തില്‍ പൊതു മേഖല സ്ഥാപനത്തിന്റെ പേരില്‍ നടത്തുന്ന അനധികൃത ഇടപാടാണിതെന്നും ചെന്നിത്തല ആരോപിച്ചു.

By Binsha Das

Digital Journalist at Woke Malayalam