തിരുവനന്തപുരം:
പുറത്തുനിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് വർദ്ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇനിമുതല്‍ ഓരോ ദിവസവും മൂവായിരം ടെസ്റ്റുകള്‍ നടത്തും. ടെസ്റ്റിന് സാധാരണ പാലിക്കേണ്ട മാനദണ്ഡം പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആലപ്പുഴയിൽ മാത്രമാണ് സ്രവ പരിശോധനാസൗകര്യം ഉണ്ടായിരുന്നത്. ഇപ്പോൾ 15 സർക്കാർ സ്ഥാപനങ്ങളിൽ ഐസിഎംആർ അനുമതിയോടു കൂടി ടെസ്റ്റിങ് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറിൽ നിന്ന് ലഭിച്ചിരുന്നുള്ളൂവെന്നും എന്നാൽ ഐസിഎംആർ നിർദ്ദേശ പ്രകാരമുള്ള ടെസ്റ്റിന് കുറവുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ സംസ്ഥാനം തീരുമാനിച്ചിരുന്നു. കിറ്റ് ഐസിഎംആറിൽ നിന്ന് ലഭിക്കണം. എന്നാലതിന് ഗുണനിലവാരമുണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ടെന്ന് ഐസിഎംആർ നിർദ്ദേശിച്ചിരുന്നു. അതിനാലാണ് ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താനാകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.