Wed. Jan 22nd, 2025
കർണാടകം:

ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കാനുള്ള തയ്യാറെടുപ്പില്‍ കര്‍ണാടക. അതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം എന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. അനുമതി തേടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും യെദിയൂരപ്പ അറിയിച്ചു. അമ്പലങ്ങളും മുസ്‍ലിം- ക്രിസ്ത്യന്‍ പള്ളികളും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ണാടക മുഖ്യമന്ത്രി കേന്ദ്രത്തിന്‍റെ അനുമതി തേടിയിരിക്കുന്നത്.

”ആരാധനായലങ്ങള്‍ തുറക്കണമെങ്കില്‍ അതിന് മുമ്പ് അനുമതി ലഭിക്കേണ്ടതുണ്ട്. അതിനായി നമുക്ക് കാത്തിരിക്കാം. അനുമതി ലഭിക്കുകയാണെങ്കില്‍ ജൂണ്‍ ഒന്നിന് തന്നെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ സാധിക്കും.’ യെദ്യൂരപ്പ പറഞ്ഞു.

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് മാസം അവസാനത്തോടെയാണ് രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്. അതോടെയാണ് ആരാധനാലയങ്ങള്‍ അടക്കം ആളുകള്‍ കൂട്ടം ചേരാന്‍ സാധ്യതയുള്ള ഇടങ്ങളെല്ലാം അടച്ചിടാന്‍ തീരുമാനിച്ചത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിച്ചെങ്കിലും ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.

ലോക്ക്ഡൌണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ പൊതുഗതാഗതം സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടതിനാലും, ഷോപ്പുകളും മറ്റും തുറന്നതിനാലും ആരാധനാലയങ്ങള്‍ക്കും ഇളവ് അനുവദിക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം.