Sun. Nov 17th, 2024
തിരുവനന്തപുരം:

വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയേക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെലവില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ആദ്യ ഏഴ് ദിവസത്തെ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നതില്‍ മാറ്റം വരുത്തിയെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. പാവപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരും ഉള്‍പ്പെടെ വിദേശത്ത് തിരിച്ചെത്തുന്ന എല്ലാവരും ഇനി മുതല്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ മാസം 24ന് കേന്ദ്രം ഇറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ ചുവട് പിടിച്ചാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ലക്ഷക്കണക്കിന് പേര്‍ സംസ്ഥാനത്തേക്ക് എത്തുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും സര്‍ക്കാര്‍ പ്രശ്നമായി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രവാസി സംഘടനകളും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി.

ഇതോടെയാണ് മുന്‍ തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് തിരികെയെത്തുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കേണ്ടതില്ലെന്ന ധാരണ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായതായാണ് സൂചന. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.