ന്യൂഡല്‍ഹി:
രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 50 കിടക്കകളോ അതില്‍ കൂടുതലോ ഉള്ള ആശുപത്രികള്‍ കൊറോണ വൈറസ് രോഗികള്‍ക്ക് 20% സ്ഥലം നീക്കിവെക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഡോക്ടര്‍മാര്‍. മറ്റ് രോഗങ്ങളുള്ളവരെ ചികിത്സിക്കുന്നവരുടെ കൂടെ കൊവിഡ് രോഗികള്‍ക്ക് കിടക്ക ഒരുക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഡല്‍ഹി സര്‍ക്കാരിന് സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
‘മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊള്ളണം. ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് രോഗികള്‍ക്കൊപ്പം മറ്റ് രോഗങ്ങളുള്ളവരെ ചികിത്സിച്ചത് രോഗവ്യാപന തോത് ഉയരാന്‍ കാരണമായി. അത്തരം ആശുപത്രികളെ രോഗവ്യാപന ഹോട്ടസ്പോട്ടുകളാക്കി മാറ്റിയിരുന്നു’-സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മയായ ദില്ലി വൊളണ്ടറി ഹോസ്പിറ്റല്‍സ് ഫോറം സെക്രട്ടറി ഡോ പി കെ ഭരദ്വാജ് പറയുന്നു.
രോഗികള്‍ ദിനംപ്രതി കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കിടക്കളുള്ള ആശുപത്രികളില്‍ 20% സ്ഥലം നീക്കിവെയ്ക്കുന്നതോടെ കിടക്കകളുടെ എണ്ണം 677 ല്‍ നിന്ന് 2000 ആകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഡല്‍ഹി സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.