തിരുവനന്തപുരം:
സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കൊവിഡ് 19 നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പ് അധ്യാപകര്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഗതാഗത സൗകര്യം അധ്യാപകരുടെ സഹായത്തോടെ പ്രധാന അധ്യാപകന്‍ ഉറപ്പാക്കണം. ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്‌കൂള്‍ ബസുകള്‍, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഇതിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
പരീക്ഷയ്ക്ക് മുന്‍പും ശേഷവും വിദ്യാര്‍ഥികളെ കൂട്ടം ചേരാന്‍ അനുവദിക്കരുത്. വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് ലഭ്യമാക്കി ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. സ്‌കൂളുകള്‍ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാല്‍ 25 ന് മുന്‍പ് പരീക്ഷ ഹാളുകള്‍, ഫര്‍ണീച്ചറുകള്‍, സ്‌കൂള്‍ പരിസരം എന്നിവ ശുചിയാക്കണമെന്നും നിര്‍ദേശമുണ്ട്.