Fri. Apr 19th, 2024

തിരുവനന്തപുരം:

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ കർശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പ്രധാന അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകി. ഏതെങ്കിലും കാരണവശാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കു വീണ്ടും അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർഥകൾ പരീക്ഷയ്ക്ക് എത്തിച്ചേരുന്നത് സംബന്ധിച്ചും ധാരണയായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധം. ഹോം ക്വാറന്റീനിൽ കഴിയുന്ന വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെർമൽ സ്ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐആർ തെർമോമീറ്ററുകൾ വാങ്ങും. സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാധ്യാപകർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.  ആരോഗ്യചിട്ടകൾ അടങ്ങിയ നിർദേശങ്ങളും മാസ്കും കുട്ടികളുടെ വീടുകളിൽ എത്തിക്കാൻ ആരോഗ്യ പ്രവർത്തകർക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam