മുംബെെ:
കൊറോണ വൈറസിനെ എത്രയും പെട്ടന്ന് തന്നെ പൂര്‍ണമായും തുടച്ചുമാറ്റാനാകില്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. കൊവിഡ് 19 ജീവിതത്തിന്റെ ഭാഗമായി കാണേണ്ടത് അത്യാവശ്യമാണെന്നും ശരദ് പവാര്‍ പറഞ്ഞു.
അതേസമയം, കൊവിഡ് 19 വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യത്തെ കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിയെന്നും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുവെന്നും പവാര്‍ വ്യക്തമാക്കി.
ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തി സംസ്ഥാനത്തെ സ്ഥിതി പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം നല്‍കിയ നിര്‍ദേശം. ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തണം. സ്വകാര്യമേഖലയിലെ കടകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ജാഗ്രത പാലിച്ച് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കുകയും അതിനെക്കുറിച്ച് ജാഗ്രത പാലിക്കുകയും ആരോഗ്യ പരിരക്ഷയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ വേണ്ടത്. ജപ്പാനില്‍ മാസ്‌ക് ധരിക്കുന്നതും വ്യക്തിശുചിത്വം പാലിക്കുന്നതും അവരുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. അതുപോലെ സംസ്ഥാനത്തും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.