ബിഹാര്‍:
ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന സൂചന നല്‍കി സംസ്ഥാന ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ഒക്ടോബറിലോ നവംബറിലോ ആയിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓണ്‍ലൈനിലൂടെയുള്ള തിരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മിഷന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലേക്ക് വരേണ്ട ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.
ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് അനുമതി ലഭിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം ബിഹാറായിരിക്കും. അനുമതി ലഭിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനിലൂടെ നടത്താനാണ് തീരുമാനമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമ്പ്രദായികമായ രീതിയിലുള്ള തിരഞ്ഞെടുപ്പ് അസാധ്യമാണ്. ലോകത്തിലെ പല രാജ്യങ്ങളിലും ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് നിലവിലുണ്ട്. ദക്ഷിണ കൊറിയയില്‍ അടുത്തിടെ സാമൂഹിക അകലം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തിയിരുന്നു ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിഹാറിലും ഇത്തരത്തിലൊരു തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓണ്ഡലെെനായി വോട്ട് രേഖപ്പെടുത്തുന്ന സാധ്യതയെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്നും സുശീല്‍ കുമാര്‍ മോദി പറയുന്നു.