Thu. May 9th, 2024
കൊല്‍ക്കത്ത:

ഒഡീഷ തീരത്ത് വന്‍ നാശം വിതച്ച്‌ അംഫാന്‍ ചുഴലിക്കാറ്റ്. ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്, വൈദ്യുതി സംവിധാനങ്ങളും താറുമാറായി. ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത് അതിശക്തമായ മഴയാണ്.

ബംഗാളില്‍ നാലുലക്ഷത്തോളം പേരെയും ഒഡിഷയില്‍ 1,19,075 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്. അടുത്ത ആറു മണിക്കൂര്‍ നിര്‍ണായകമെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു.

ചുഴലിക്കാറ്റില്‍പ്പെട്ട് ഒഡീഷയില്‍ ഒരാള്‍ മരിച്ചു. സത്ഭയയില്‍ വീട് തകര്‍ന്നാണ് മരണം. കൊല്‍ക്കത്ത വിമാനത്താവളം താത്ക്കാലികമായി അടച്ചിരിക്കുകയാണ്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്നും ചെങ്കല്‍പ്പേട്ടില്‍ നിന്നും ബംഗാളിലേക്ക് പുറപ്പെടേണ്ടിയിരുന്ന രണ്ട് ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ വഴി തിരിച്ചു വിടാനും തീരുമാനമായിട്ടുണ്ട്.