Wed. Apr 24th, 2024
തിരുവനന്തപുരം:

ജില്ലയ്ക്കുള്ളില്‍ പൊതുഗതാഗതത്തിന് അനുമതി ലഭിച്ചതോടെ ദേശീയപാതയിലും ബൈറൂട്ടുകളിലും ഉള്‍പ്പെടെ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെടുപ്പ് തുടങ്ങി. സര്‍വീസിനാവശ്യമായ ബസുകള്‍ കഴുകി വൃത്തിയാക്കുകയും ടയറുകളും ബാറ്ററികളും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്ന ജോലികള്‍ യൂണിറ്റുകളില്‍ ആരംഭിച്ചു.

ഒരു ബസില്‍ പരമാവധി 25 യാത്രക്കാരെയാണ് ഒരുസമയം യാത്രചെയ്യാന്‍ അനുവദിക്കുക.ഓ‌ര്‍ഡിനറി സര്‍വീസുകളാകും നാളെ നിരത്തിലിറങ്ങുന്നത്. രണ്ടുപേര്‍ക്ക് യാത്രചെയ്യാവുന്ന സീറ്റില്‍ ഒരാള്‍ക്കും മൂന്നുപേരുടെ സീറ്റില്‍ രണ്ടുപേര്‍ക്കുമാണ് യാത്രാനുമതി. കണ്ടക്ടര്‍ ഹാന്‍ഡ് സാനിട്ടൈസര്‍ നല്‍കി യാത്രക്കാരുടെ കൈകള്‍ ശുദ്ധമാക്കിയെന്ന് ഉറപ്പ് വരുത്തിയശേഷമേ ബസില്‍ കയറാന്‍ അനുവദിക്കൂ. മാസ്കും നിര്‍ബന്ധമാണ്.

കണ്ടക്ടറും ‌ഡ്രൈവറും കയ്യുറയും മാസ്കും ധരിക്കണം. പണം ഇടപാടുകള്‍ രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം നടപ്പാക്കുന്ന കാര്യം കോര്‍പ്പറേഷന്‍റെ ആലോചനയിലുണ്ട്. സെക്രട്ടേറിയറ്റിലേക്കു നടത്തുന്ന സര്‍വീസില്‍ നാളെ മുതല്‍ പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം നിലവില്‍ വരും.