കോട്ടയം:
കേരളത്തില്‍ ഇന്നലെയും ഇന്നുമായി പെയ്ത മഴയില്‍ വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടം. കൊല്ലത്ത് ചവറയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം കടപുഴകി വീണു. കാറിലുണ്ടായിരുന്ന മൂന്നംഗ കുടുംബം അൽഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ദേശീയപാതയിൽ മരം കടപുഴകി വീണതിനെ തുടർന്നു അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
അതേസമയം, ഇന്നലെ രാത്രി പെയ്ത മഴയിൽ കോട്ടയത്ത് വ്യാപക നാശനഷടമാണ് ഉണ്ടായത്. മരങ്ങൾ കടപുഴകി വീണതോടെ നൂറോളം വീടുകൾക്കാണ്കേടുപാടുണ്ടായത്. പല വീടുകളുടെയും മേൽക്കൂര പറന്ന് പോയി. മൂന്ന് പേർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. കടകളുടെ മേൽക്കൂരയും പറന്നുപോയിട്ടുമുണ്ട്. പലയിടത്തും വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞു വീണത് ഗതാഗതം സ്തംഭിപ്പിച്ചിട്ടുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേട് പറ്റി. ഗോപുരത്തിന്‍റെ മുകളിൽ പാകിയിരുന്ന ഓടുകൾ പറന്നുപോയിട്ടുണ്ട്.