Tue. Apr 23rd, 2024
ന്യൂഡല്‍ഹി:

 
കൊവിഡ് പ്രതിസന്ധി നേരിടാൻ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’  മൂന്നാംഘട്ട പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൃഷിക്കും അനുബന്ധ മേഖലയ്ക്കും ഊന്നല്‍ നല്‍കിയുള്ളതാണ് മൂന്നാംഘട്ടം. ഇന്ത്യയിലെ കര്‍ഷര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായി ബന്ധപ്പെട്ടതും, മൂന്നെണ്ണം ഭരണനിര്‍വഹണമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

കാർഷികമേഖലയ്ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ്​ ഈ തുക. കൃഷിയെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം പേരും ജീവിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ട്. രാ‌ജ്യത്ത് 85 ശതമാനം ചെറുകിട നാമമാത്ര കർഷകരാണുള്ളത്. രണ്ട് വർഷം വിതരണ ശൃംഖലയെ നിലനിർത്തി കാർഷിക മുന്നേറ്റത്തിനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ക്ഷീര സഹകരണങ്ങള്‍ക്ക് രണ്ടുശതമാനം വാര്‍ഷിക പലിശയില്‍ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടുകോടിയോളം ക്ഷീരകര്‍ഷര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അയ്യായിരം കോടിയുടെ അധിക പണലഭ്യത മേഖലയിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. തേനീച്ച വളർത്തലിന് 500 കോടി വകയിരുത്തി. 2 ലക്ഷം കർഷകർക്കു പ്രയോജനപ്പെടും.

അതേസമയം, ഗംഗാനദിയുടെ തീരങ്ങളിലായി 800 ഹെക്ടർ പ്രദേശം ഔഷധസസ്യ ഇടനാഴിയായി ദേശീയ ഔഷധ സസ്യ ബോർഡ് വികസിപ്പിക്കും. 2 വർഷത്തിനകം 10 ലക്ഷം ഹെക്ടർ ഭൂമിയിൽ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കും∙ ഗംഗാനദിയുടെ തീരങ്ങളിൽ കൃഷി ചെയ്യുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam