Wed. Dec 18th, 2024
മുംബൈ:

 
കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ലോക്ഡൗണ്‍ നീട്ടി. തീവ്രബാധിത മേഖലകളില്‍ മേയ് 31 വരെ ലോക്ഡൗണ്‍ തുടരും.

പുനെ, മാേലഗാവ്, ഔറംഗബാദ് മേഖലകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമായിരിക്കും. മഹാരാഷ്ട്രയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,602 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,019 പേര്‍ മരിച്ചു. ഇന്നലെ മുംബൈയില്‍ മാത്രം 998 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 16000 പിന്നിട്ടു. രോഗികളുടെ എണ്ണം ആയിരം കടന്ന ധാരാവിയില്‍ 33 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് പൊലീസുകാര്‍കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ച് പൊലീസുകാരുടെ എണ്ണം 10 ആയി. താനെ, പുണെ ജില്ലകളിലെ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് പതിനായിരത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 27,524 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥീരികരിച്ചത്.