Wed. Nov 6th, 2024
ദുബായ്:

ആരോ​ഗ്യ പ്രവർത്തകർക്ക് പത്തുവർഷത്തെ ​ഗോൾഡൻ വിസ അനുവദിച്ച് ദുബായ്. കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചതിനാണ് ദുബായ് ആരോ​ഗ്യ പ്രവർത്തകർക്കുള്ള ആദരമായി പത്ത് വർഷത്തെ ​ഗോൾഡൻ വിസ നൽകുന്നത്. ദുബായ് ആരോ​ഗ്യ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ആരോ​ഗ്യ പ്രവ‍ർത്തകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

കൊവിഡ് 19 പശ്ചാത്തലത്തിൽ യുഎഇ യിൽ വൈദ്യ സഹായം നൽകുന്നതിന് രാജ്യത്ത് നിന്ന് 88 അം​ഗ മെഡിക്കൽ സംഘം ദുബായിലേക്ക് പോയിരുന്നു. കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ആസ്റ്റർ ‍ഡിഎം ഹെൽത്ത് കെയറിൽ നിന്നുള്ള നഴ്സുമാരാണ് ദുബായിലേക്ക് പോയത്.

വൈദ്യ സഹായം നൽകാനായി ആരോ​ഗ്യ പ്രവർത്തകരെ അയക്കാൻ യുഎഇ നേരത്തെ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ ഇന്ത്യയിൽ നിലവിലുള്ള യുഎഇയിൽ ജോലി ചെയ്യുന്ന നഴ്സുമാരെ തിരിച്ചയക്കാനും യുഎഇ അഭ്യർത്ഥന നടത്തിയിരുന്നു.