തിരുവനന്തപുരം:
മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും ഇയാൾ ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ എന്നിവർ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ഡിഎംഒ കെ പി റീത്തയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം.
എംപിമാരായ രമ്യ ഹരിദാസ്, വി കെ ശ്രീകണ്ഠന്‍, ടി എന്‍ പ്രതാപന്‍, എംഎല്‍എമാരായ അനില്‍ അക്കര, ഷാഫി പറമ്പില്‍ എന്നിവരാണ് ഇതുപ്രകാരം നിരീക്ഷണത്തില്‍ പോകേണ്ടത്.
വാളയാറിൽ തടഞ്ഞ് വെച്ചവരെ കടത്തിവിടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധിച്ചതിനെച്ചൊല്ലി രാഷ്ട്രീയവിവാദം മുറുകുന്നതിനിടെയാണ് ഇവരെ ക്വാറന്റൈനിൽ അയക്കാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാൽ പരിശോധനകൾക്കു ശേഷം മതി ക്വാറന്റൈൻ കാര്യത്തിൽ തീരുമാനമെന്ന് യുഡിഎഫ് കൺവീനർ പ്രതികരിച്ചു. രാഷ്ട്രീയനീക്കമാണിതെന്നാണ് കോണ്‍ഗ്രസ് നിലപാട്.