Fri. Apr 4th, 2025
സാൻഫ്രാൻസിസ്കോ:

 
ലോൿഡൌൺ അവസാനിച്ചാലും ജീവനക്കാർക്ക് സ്ഥിരമായി വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുവാദം നൽകി ട്വിറ്റര്‍. സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും ട്വിറ്റര്‍ അറിയിച്ചു. കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ അവസാനിച്ചാലും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നാണ് മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റർ പറയുന്നത്.

ഓഫീസുകള്‍ തുറന്നാലും ജോലി ഓഫീസിൽ വന്നു വേണോ വീട്ടിലിരുന്നു മതിയോ എന്ന ജീവനക്കാർക്ക് തീരുമാനിക്കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്. “വീട്ടിലിരുന്ന് ജോലി ചെയ്യാനാകുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ തെളിയിച്ചതാണ്. ഞങ്ങളുടെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ പ്രാപ്തരാണെങ്കില്‍ അവര്‍ എന്നെന്നേക്കുമായി ഇത് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഞങ്ങള്‍ നടപ്പാക്കും,” ട്വിറ്റര്‍ വക്താവ് വ്യക്തമാക്കി.

മാര്‍ച്ചില്‍ ആദ്യമായി ടെലിവര്‍ക്കിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്റര്‍. ഈ മാസം ആദ്യം ഗൂഗിളും ഫേസ്ബുക്കും തങ്ങളുടെ സ്റ്റാഫിന് വീട്ടിൽ നിന്ന് വർഷാവസാനം വരെ ജോലി ചെയ്യാമെന്ന് പറഞ്ഞിരുന്നു.

By Binsha Das

Digital Journalist at Woke Malayalam