Mon. Dec 23rd, 2024
പാലക്കാട്:

സംസ്ഥാനത്തേക്കു കടക്കാനുള്ള പാസില്ലാതെ വാളയാര്‍ കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ്. ചെന്നൈയില്‍ നിന്നുമെത്തിയ എത്തിയ ഇയാള്‍ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.

മെയ് ഒന്‍പതാം തീയ്യതിയാണ് ഇയാള്‍ വാളയാര്‍ ചെക്ക്‌പോസ്റ്റിലെത്തിയത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മറ്റ് ഒന്‍പത് പേര്‍ക്കൊപ്പമാണ് ചെന്നൈയില്‍ നിന്നും മിനി ബസില്‍ പാസെടുക്കാതെ വാളയാറിലെത്തിയത്. മെയ് എട്ടിനാണ് സംഘം ചെന്നൈയില്‍ നിന്നും യാത്ര തിരിച്ചത്. മെയ് ഒന്‍പതിന് രാവിലെ വാളയാറിലെത്തിയ സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

കടുത്ത തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ ഇയാള്‍ക്ക് തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

നിലവില്‍ കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കാതെ വാളയാറില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അനുമതി നല്‍കണമെന്നും അടിയന്തരമായി പാസ് അനുവദിക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ഇതൊരു കീഴ് വഴക്കമായി സ്വീകരിക്കരുതെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുവേണം ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിടാനെന്നും കോടതി പറഞ്ഞു.