Thu. Apr 25th, 2024
ഹൈദരാബാദ്:

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ വിഷവാതക ചോര്‍ച്ചയെ ലഘൂകരിച്ച് പോലീസ് എഫ്ഐആര്‍. ഫാക്ടറിയില്‍ നിന്നും പുറത്തുവന്നത് ‘എന്തോ ഒരു പുകയെന്ന്’ന്നാണ് എഫ്ഐആറില്‍ പറയുന്നത്. പിവിസി വാതകമായ സ്റ്റിറീനാണ് ചോര്‍ന്നതെന്ന് വ്യക്തമായിട്ടും എഫ്ഐആറില്‍ അത് രേഖപ്പെടുത്തിയിട്ടില്ല.

ഫാക്ടറിയില്‍നിന്നും പുലര്‍ച്ചെ മൂന്നര മണിയോടെ ‘എന്തോ ഒരു പുക പുറത്തുവന്നു’ എന്നും ആകെ ‘ദുര്‍ഗന്ധം’ പരന്നുവെന്നും, അത് ഗ്രാമങ്ങളിലുള്ളവരെ ബാധിക്കുകയുമായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം. ‘ഭയന്ന് ആളുകള്‍ വീട് വിട്ടോടി. സംഭവത്തില്‍ 5 പേര്‍ മരിച്ചു. ബാധിച്ച മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്,’എഫ്ഐആറില്‍ പറയുന്നു. വിഷവാതക ദുരന്തത്തില്‍ 10 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിരുന്നു. ർ

ഐപിസിയുടെ 278ാം വകുപ്പ് (ആരോഗ്യത്തിന് ഹാനികരമായ അന്തരീക്ഷം സൃഷ്ടിക്കുക), 284 (വിഷമയമായ പദാര്‍ത്ഥത്തെ അശ്രദ്ധമായി കൈകാര്യം ചെയ്യുക), 285, 337 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന പ്രവൃത്തി), 338, 304 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഫാക്ടറിയില്‍ 24 പേരായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്. മുതിര്‍ന്ന മാനേജര്‍മാരാരും തന്നെ ഉണ്ടായിരുന്നില്ല. കമ്പനിയിലുണ്ടായിരുന്ന എഞ്ചിനിയര്‍മാര്‍ക്ക് കാര്യങ്ങള്‍ അധികം കൈകാര്യം ചെയ്യാനുള്ള പരിചയം ഉണ്ടായിരുന്നില്ലെന്നും ഫാക്ടറിയുടെ ജോയിന്റ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജെ ശിവ ശങ്കര്‍ റെഡ്ഡി പറഞ്ഞു.

ഉന്നതതലത്തിലുള്ള അന്വേഷണ സംഘത്തെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ചതെങ്കിലും ഗോപാലപട്ടണം പൊലീസ് സ്റ്റേഷനിലാണ് വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.