ന്യൂഡല്‍ഹി:
കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഭിഭാഷകരുടെ ഡ്രസ് കോഡില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ഇനിമുതല്‍ ഗൗണും റോബ്‌സും കോടതിയിൽ അണിയേണ്ടതില്ല. വെള്ള ഷര്‍ട്ടും കറുത്തതോ വെളുത്തതോ ആയ പാന്റ്സും ആകും പുതിയ ഡ്രസ് കോഡ്. ഇത് സംബന്ധിച്ച നിർദ്ദേശം ഉടന്‍ പുറത്ത് ഇറക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഉള്ള ജഡ്ജിമാര്‍ ഇപ്പോള്‍ വാദം കേള്‍ക്കുമ്പോള്‍ ഗൗണും റോബ്സും അണിയാത്തത് എന്തുകൊണ്ടാണെന്ന് സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആരാഞ്ഞിരുന്നു.
എന്നാല്‍, ഗൗണ്‍, റോബ് എന്നിവയിലൂടെ വൈറസിന്റെ വ്യാപനം ഉണ്ടാകും എന്ന് വിദഗ്ദ്ധര്‍ അറിയിച്ചതായി ഇന്ന് ഒരു കേസിന്റെ വാദം കേള്‍ക്കുന്നതിന് ഇടയില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അഭിഭാഷകരുടെ ഡ്രസ് കോഡിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.