Thu. Apr 25th, 2024

ന്യൂഡല്‍ഹി:

കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. പാക്കേജിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി. സ്വയം പര്യാപ്ത എന്നതാണ് ആത്മനിര്‍ഭറിന്റെ അര്‍ത്ഥമെന്നും നിര്‍മല വിശദീകരിച്ചു.

രാജ്യത്തിന്‍റെ  സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇടത്തരം-ചെറുകിട വ്യാപാരികൾക്കായി ഈടില്ലാതെ വായ്പ നൽകുമെന്നാണ് ധനമന്ത്രി അറിയിച്ചത്. നാല് വര്‍ഷമാണ് വായ്പാ കാലാവധി. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. ഒക്ടോബര്‍ 31 വരെ വായ്പകള്‍ക്ക് അപേക്ഷിക്കാം.

രാജ്യത്തെ 45 ലക്ഷം വ്യാപാരികള്‍ക്ക് പദ്ധതി ഗുണകരമാകുമെന്നും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി

 

By Binsha Das

Digital Journalist at Woke Malayalam