Mon. Dec 23rd, 2024
തിരുവനന്തപുരം:

നാട്ടിലേക്ക് മടങ്ങാനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കൊവഡ് 19 ജാഗ്രത പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് കേരള സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ മടങ്ങുവാനായി നേരത്തെ അപേക്ഷിച്ചവർ ട്രെയിനിൽ വരുന്നുണ്ടെങ്കിൽ ആദ്യത്തെ പാസ് റദ്ദാക്കി റെയിൽ മാർഗം വരുന്നുവെന്ന് കാണിച്ച് പുതുക്കിയ പാസ് എടുക്കണമെന്നും നിർദ്ദേശമുണ്ട്.

https://covid19jagratha.kerala.nic.in/ എന്ന് വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം.

കേരളത്തിലിറങ്ങുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ വിശദാംശങ്ങള്‍ പരിശോധിക്കും. റെയില്‍വെ സ്റ്റേഷനില്‍നിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങളാണ് അനുവദിക്കുക. ഇത്തരം വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കണമെന്നും യാത്രക്ക് ശേഷം ഡ്രൈവര്‍ ഹോം ക്വാറൻ്റീൻ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

റെയില്‍വെ സ്റ്റേഷനില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ആള്‍ക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വെ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് അറിയിപ്പ്. കൊവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പോകേണ്ടിവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.