Thu. Apr 25th, 2024
ന്യൂ ഡല്‍ഹി:

അമ്മയായതിനുശേഷം വിജയകരമായി കോര്‍ട്ടില്‍ തിരിച്ചെത്തിയതിന് ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിർസയ്ക്ക്  ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്.  ഈ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ മിർസ.  ഏഷ്യാ ഓഷ്യാന സോണിലെ ഗ്രൂപ്പ് ഒന്നിലെ നോമിനികള്‍ക്ക് ആകെ ലഭിച്ച 16985 വോട്ടില്‍ പതിനായിരം വോട്ടും നേടിയാണ് സാനിയ പുരസ്‌കാരത്തിന് അര്‍ഹയായത്. 

ഇന്‍ഡൊനീഷ്യയുടെ പതിനാറുകാരി പ്രിസ്‌ക മാഡെലിനെ മറികടന്നായിരുന്നു സാനിയയുടെ നേട്ടം. ഫെഡ് കപ്പില്‍ കളിക്കുന്ന താരങ്ങളില്‍ കോര്‍ട്ടില്‍ അനിതരസാധാരണമായ മികവും കരുത്തും പ്രകടിപ്പിക്കുന്ന താരങ്ങള്‍ക്കായി അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ 2009 മുതല്‍ ഏര്‍പ്പെടുത്തിയതാണ് ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ്. രണ്ടായിരം യുഎസ് ഡോളറാണ് സമ്മാനത്തുക. ഈ തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തെലങ്കാന  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്യുന്നതായി സാനിയ അറിയിച്ചു.