Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ആരോഗ്യസേതു  ആപ്ലിക്കേഷന്‍ ലോകത്തെ തന്നെ  ഏറ്റവും മികച്ച കോവിഡ് പ്രതിരോധ ആപ്പ് ആണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ആപ്പ് വഴി ലഭിക്കുന്ന ഡാറ്റാ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലന്നും രഹസ്യാത്മകത ഉറപ്പ് വരുത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയേൽ നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് ആവര്‍ത്തിച്ചത്. ആപ്പിൽ നൽകുന്ന വിവരങ്ങൾ ചോരില്ലെന്ന് ഉറപ്പാക്കാനാവുമോ എന്ന ​ഹൈക്കോടതിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. ആപ്പിലെ ഡാറ്റയുടെ സുരക്ഷിതത്വം വ്യക്‌തമാക്കി വിശദീകരണം നൽകാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

ആപ്പ് സുരക്ഷിതമാണ്. ഇതിനകം പത്തു കോടിയിലേറെ പേർ ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. ദിവസവും ലക്ഷക്കണക്കിനാളുകൾ ആപ്പ് ഡൗൺലോഡ് ചെയ്യുന്നുണ്ടെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam