Mon. Dec 23rd, 2024
തിരുവനന്തപുരം:

പ്രവാസി നിക്ഷേപങ്ങൾക്ക് വലിയ ഇളവുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും ജോലി നഷ്ടപ്പെട്ട് എത്തുന്നവരുടെ പുനരധിവാസത്തിൽ വ്യക്തതയില്ല. തൊഴിൽ മേഖലകൾ തിരിച്ചുള്ള പഠനങ്ങൾ പൂർത്തിയാക്കാൻ മാസങ്ങളെടുക്കും.

നിതാഖത്ത് പ്രതിസന്ധിക്ക് ശേഷം തുടങ്ങിയ സ്വയം തൊഴിൽ പദ്ധതികളും വായ്പാ സഹായവും മാത്രമാണ് ഇപ്പോൾ മടങ്ങിയെത്തുന്നവർക്ക് ആശ്രയം. കൂടാതെ നോർക്ക ആരംഭിച്ച സംരംഭക പദ്ധതികളുമുണ്ട്. 30 ലക്ഷം വരെ ചെലവുള്ള സംരഭങ്ങൾക്ക് മൂന്ന് ലക്ഷം രൂപവരെ സബ്സിഡി കിട്ടും. കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. കൃഷി, കച്ചവടം, നിർമ്മാണ മേഖല, ടാക്സി സർവ്വീസ് എന്നീ മേഖലകൾക്കാണ് സഹായം. അറുപത് വയസ് പിന്നിട്ട ക്ഷേമ നിധി അംഗങ്ങൾക്ക് 3000 രൂപ പെൻഷനും നൽകും.

മടങ്ങി വരുന്ന പ്രവാസികൾക്ക് നിക്ഷേപ സൗഹൃദ വാഗ്‌ദാനങ്ങൾ നിരവധിയാണ്. നിക്ഷേപങ്ങൾക്ക് പ്രത്യേക അനുമതി, ലൈസൻസിന് ഒരു വർഷം സാവകാശം, വൻ പദ്ധതികൾക്ക് ഭൂമി, മറ്റ് ചട്ടങ്ങളിലെ ഇളവുകൾ തുടങ്ങിയവയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ തൊഴിൽ നഷ്ടപ്പെട്ട് വരുന്ന സാധാരണക്കാർ എന്തുചെയ്യണമെന്ന കാര്യത്തിൽ സർക്കാർ മാർഗരേഖ തയ്യാറായിട്ടില്ല.

ഒരുലക്ഷം പേർ ജോലി നഷ്ടപ്പെട്ട് മടങ്ങുമെന്നാണ് പ്രാഥമിക കണക്ക്. വരുമാനം നഷ്ടമാകുന്നത് ഒരു ലക്ഷം കുടുംബങ്ങൾക്കാവും. സർക്കാർ എന്താണ് മുന്നോട്ട് വയ്ക്കുന്നുവെന്നതാണ് പ്രധാനം. കഴിഞ്ഞ ആറ് വർഷം സർക്കാർ സംരഭങ്ങൾക്ക് അപേക്ഷ നൽകിയവരിൽ അഞ്ച് ശതമാനം മാത്രമാണ് ഗുണഭോക്താക്കൾ. ഇനിയും ഈ രീതി മതിയോ എന്നതും പ്രധാന ചോദ്യമാണ്.