Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗും കൂടിക്കാഴ്ച നടത്തി. മെയ് 17-ന് ലോക്ക് ഡൗൺ അവസാനിച്ച ശേഷം എന്തായിരിക്കും അവസ്ഥയെന്നെന്നും എത്രകാലം കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് കേന്ദ്രത്തിൻ്റെ പദ്ധതിയെന്നും സോണിയാ ​ഗാന്ധി മുഖ്യമന്ത്രിമാരോട് ചോദിച്ചു.

ലോക്ക് ഡൗണിൽ നിന്ന് പുറത്ത് കടക്കുന്നതിനെ കുറിച്ചുള്ള രൂപരേഖയെന്തെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രിമാരും കോൺ​ഗ്രസ് നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

പതിനായിരം കോടി രൂപയുടെ റവന്യൂ നഷ്ടമാണ് ലോക്ക് ഡൗൺ മൂലം  ഇതിനോടകം ഉണ്ടായതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് യോ​ഗത്തിൽ പറഞ്ഞു. ൻ ഉത്തേജന പാക്കേജില്ലാതെ മുൻപോട്ട് പോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് യോ​ഗത്തിൽ നടത്തിയത്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ മനസിലാക്കാതെയാണ് റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ കേന്ദ്രം തരംതിരിച്ചതെന്ന് അമരീന്ദർ സിംഗ് ആരോപിച്ചു.

കൊവിഡ് പ്രതിസന്ധി മൂലം വലയുന്ന സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായത്തെ കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി ആരോപിച്ചു. സംസ്ഥാനങ്ങൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ഭാഗൽ പറഞ്ഞു. സംസ്ഥാനത്തെ 80 ശതമാനം ചെറുകിട വ്യവസായ മേഖലകളും ഇതിനോടകം തുറന്നിട്ടുണ്ടെന്നും ഭാഗൽ പറഞ്ഞു.