മാഡ്രിഡ്:
കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ലാ ലിഗ ഫുട്ബോൾ ജൂണിൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച മുതല്‍ താരങ്ങള്‍ക്ക് ചെറിയ തോതില്‍ പരിശീലനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. താരങ്ങളെല്ലാവരും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ്-19 ടെസ്റ്റിന് വിധേയരാകുമെന്നും ഫുട്ബോളിന്റെ മടങ്ങിവരവ് സ്പെയിനില്‍ കാര്യങ്ങള്‍ സാധാരണ രീതിയിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും സ്പാനിഷ് ലീഗ് പ്രസിഡന്റ് ജാവിയര്‍ ടെബാസ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഒഴിഞ്ഞ സ്റ്റേഡിയത്തിലാണ് സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ക്ലബ്ബുകള്‍ പരിശീലന സൗകര്യങ്ങള്‍ തയ്യാറാക്കാനും അവയെല്ലാം അണുവിമുക്തമാക്കാനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി 11 റൗണ്ടുകളാണ് ലാ ലിഗയിൽ ബാക്കിയുള്ളത്. 58 പോയിന്റുമായി ബാഴ്സലോണയും 56 പോയിന്റുമായി റയൽ മാഡ്രിഡുമാണ് ഇപ്പോൾ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്.