Sat. Jan 18th, 2025
ന്യൂ ഡല്‍ഹി:

 
പത്ത് ലക്ഷത്തോളം കൊവിഡ് 19 പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്ക് ആശ്വസിക്കാവുന്ന കണക്കുകള്‍ പുറത്തുവന്നു. ഒരു ദശലക്ഷം കൊവിഡ് പരിശോധന നടത്തിയ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ കൊവിഡ് രോഗമുള്ളത്.

ആരോഗ്യമന്ത്രാലയവും ഐസിഎംആറും പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, പത്തു ലക്ഷം പേരെ പരിശോധിച്ചപ്പോള്‍ 39,980 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത്രയും പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ സ്‌പെയിനില്‍ 2,00,194 പേര്‍ക്കും അമേരിക്കയില്‍ 1,64,620 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ ഇത് 1.52 ലക്ഷവും തുര്‍ക്കിയില്‍ 1.17 ലക്ഷവുമാണ്.

ശനിയാഴ്ചയാണ് ഇന്ത്യയില്‍ പത്ത് ലക്ഷം കൊവിഡ് പരിശോധനകളാണ് പൂര്‍ത്തിയായത്. ആര്‍ടി പിസിആര്‍ ടെസ്റ്റുകളാണ് രാജ്യത്ത് നടക്കുന്നത്. പ്രതിദിനം 292 സര്‍ക്കാര്‍ ലാബുകളിലും 97 സ്വകാര്യ ലാബുകളിലുമായി 70000 മുതല്‍ 75000 വരെ പരിശോധനകള്‍ നടക്കുന്നുണ്ട്.

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിക്കുന്നവരിലെ മരണ നിരക്ക് 3.3 ശതമാനമാണ്. ഒരു ലക്ഷം പേരില്‍ 0.09 പേര്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടമായതെന്നും ഇത് ലോകരാജ്യങ്ങളില്‍ തന്നെ മുന്‍നിരയിലാണെന്നും ഐസിഎംആര്‍ പറയുന്നു.

കൊവിഡിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ച ദക്ഷിണകൊറിയയില്‍ ആകെ 10780 കൊവിഡ് കേസുകളും 250 മരണങ്ങളുമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. രോഗികളിലെ മരണനിരക്ക് 2.3%ആണ്. ഒരു ലക്ഷം ജനസംഖ്യയില്‍ 0.48 ആണ് ദക്ഷിണകൊറിയയുടെ മരണങ്ങള്‍. ചൈനയില്‍ ഇത് 0.33 ആണ്.