വാഷിങ്ടണ്‍:
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയടക്കം ട്വിറ്ററിൽ അൺഫോളോ ചെയ്തതിന്റെ കാരണം വിശദീകരിച്ച് അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസ്. ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരുകയുള്ളുവെന്നും അമേരിക്കന്‍ പ്രസിഡന്‍റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവയ്ക്കാനാണ് അവരെ ഫോളോ ചെയ്യുന്നതെന്നുമാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
ഇത്തരത്തിൽ ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശനത്തിന് എത്തിയ സമയത്തായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി, രാഷ്‌ട്രപതി, വാഷിംടണിലുള്ള ഇന്ത്യന്‍ എംബസി എന്നീ അക്കൗണ്ടുകൾ വൈറ്റ് ഹൗസ് ഫോളോ ചെയ്യാൻ ആരംഭിച്ചത്. എന്നാൽ, വൈറ്റ് ഹൗസ് ഫോളോ ചെയ്തത് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ തീവ്രത വെളിവാക്കാനാണെന്നായിരുന്നു നയതന്ത്രജ്ഞരുടെ അഭിപ്രായം.