ന്യൂ ഡല്‍ഹി:
കൂടുതൽ കൊവിഡ് പരിശോധനകൾക്കായി ഐസിഎംആർ അനുമതി നൽകണമെന്ന ആവശ്യം ശക്തമായിരിക്കേ പരിശോധന കിറ്റുകൾ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിർണ്ണയത്തിൽ പ്രതിസന്ധിയാകും. ഡല്‍ഹിയടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളിൽ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം പോലും വൈകുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
മെയ് അവസാന വാരത്തോടെ മാത്രമേ പരിശോധന കിറ്റുകളുടെ കാര്യത്തിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കൂകയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. കൊവിഡ് നിർണ്ണയം ഫലപ്രദമല്ലെന്ന് കണ്ടതോടെ രണ്ട് ചൈനീസ് കമ്പനികളുടെ കിറ്റുകളാണ് ഇന്ത്യ തിരിച്ചയക്കുന്നത്. ഇതേ തുടർന്ന് 20 ലക്ഷം കിറ്റുകൾ രാജ്യത്ത് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് അഞ്ചാഴ്ചയോളം കാത്തിരിക്കേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രി ഹർഷ് വർധന്റെ വിശദീകരണം.