വായന സമയം: 2 minutes
ന്യൂഡൽഹി:

 
ഏപ്രിൽ എട്ടിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹിയിലെ കൊറോണവൈറസ് സ്ഥിതിഗതികളെക്കുറിച്ച് പത്തുമിനുട്ട് സംസാരിച്ചിരുന്നു. കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നും ആളുകൾ വീടിനു പുറത്തിറങ്ങുകയും അയൽക്കാരെ സന്ദർശിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. “തീവ്രബാധിതമേഖലയായി പ്രഖ്യാപിച്ച ജഹാംഗീർപുരിയിൽ നിന്നും ഒരേ സമുദായത്തിൽ നിന്ന് 26 പേർക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അടുത്തടുത്ത വീടുകളിൽ കഴിയുന്ന അവർ ലോക്ക്ഡൌൺ നിർദ്ദേശങ്ങൾ ലംഘിച്ച് പരസ്പരം വീടുകളിൽ സന്ദർശനം നടത്തി.” എന്നാണ് കെജ്രിവാൾ പറഞ്ഞത്.

അതിനുശേഷം പല മാധ്യമങ്ങളും അത് റിപ്പോർട്ടു ചെയ്തു. കെജ്രിവാളിനെ ഉദ്ധരിച്ചുകൊണ്ട് പല പത്രങ്ങളും ആളുകളുടെ എണ്ണത്തിൽ മാത്രം വ്യത്യാസം വരുത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

ഏപ്രിൽ 5 ന് കൊവിഡ് രോഗം ബാധിച്ച് 60 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു, ആരോഗ്യവകുപ്പിൽ നിന്നുള്ള കണക്കുപ്രകാരം 26 അംഗങ്ങളുള്ള കുടുംബം, ഈ സ്ത്രീയുടെ ബന്ധുക്കളാണ് എന്നു റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് ബാധ സ്ഥിരീകരിച്ച 31 പേർ മരിച്ച സ്ത്രീയുടെ ബന്ധുക്കളോ, അല്ലെങ്കിൽ അവരെ സന്ദർശിച്ച ആളൂകളോ ആണെന്ന് ജില്ലാമജിസ്ട്രേറ്റ് ഷിൻ‌ഡേ ദീപക് അർജ്ജുൻ, ഏപ്രിൽ 18ന് എ എൻ ഐയോടു പറഞ്ഞു.

ഏപ്രിൽ 22 ന് ദ പ്രിന്റ് പ്രസിദ്ധീകരിച്ച് ഒരു റിപ്പോർട്ടിൽ ഏപ്രിൽ 5 ന് കൊറോണവൈറസ് ബാധിച്ചു മരിച്ച് സ്ത്രീ അജിമൻ ബീബി ആയിരുന്നുവെന്നും, അവരുടെ മരണം കഴിഞ്ഞ് നാലു ദിവസങ്ങൾക്കുശേഷമാണ് പരിശോധനാഫലം വന്നതെന്നും പറയുന്നു.

“മാർച്ച് 30 മുതൽ അമ്മയ്ക്ക് പനിയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഏപ്രിൽ മൂന്നിനും ഏപ്രിൽ നാലിനും മൂന്ന് ആശുപത്രികളിൽ പല തവണ പോയി. ആരും അമ്മയ്ക്ക് കൊറോണവൈറസ് ബാധയുണ്ടോയെന്നറിയാനുള്ള പരിശോധന നടത്തിയില്ല,” നൂർ മുഹമ്മദ് പറഞ്ഞുവെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ടു ചെയ്തു.

ഏപ്രിൽ 3,4 തീയതികളിൽ ബാബു ജഗ്‌ജീവൻ റാം മെമ്മോറിയൽ ഹോസ്പിറ്റൽ, ഡോ. ബാബാ സാഹിബ് അംബേദ്‌കർ ആശുപത്രി, രാജൻ ബാബു ടിബി ആശുപത്രി, ഡോ. റാം മനോഹർ ലോഹ്യ ആശുപത്രി എന്നിവിടങ്ങളിൽ അജിമൻ ബീബിയെ കൊണ്ടുപോയി. അയൽ‌വാസികൾ ഇത് സ്ഥിരീകരിക്കുന്നതായി പ്രിന്റിന്റെ വാർത്തയിലുണ്ട്.

“കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും, സർക്കാർ ആശുപത്രികളിൽ പരിശോധന നടത്തിയില്ല. ഏപ്രിൽ 5 ന് വൈകുന്നേരം 5 മണിയോടെ ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ വച്ച് അമ്മ അന്തരിച്ചു.” നൂർ മുഹമ്മദ് ആൾട്ട് ന്യൂസിനോടു പറഞ്ഞു. ഏതാനും മണിക്കൂറുകൾക്കു ശേഷം അമ്മയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാനായി മുഹമ്മദിനു വിട്ടുകൊടുത്തു. നൂർ മുഹമ്മദിനൊപ്പം ബന്ധുക്കളും അയൽക്കാരുമായ 35 പേർ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

ജഹാംഗീർ പുരിയിലെ “ബി” ബ്ലോക്ക് ഏപ്രിൽ 8ന് ഡൽഹിയിലെ തീവ്രബാധിതമേഖലയായി പ്രഖ്യാപിച്ചവയുടെ കൂട്ടത്തിലുണ്ട്. അജിമൻ ബീബിയുടെ പരിശോധനാഫലത്തിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഏപ്രിൽ 10 ന് അജിമൻ ബീബിയുടെ താമസസ്ഥലം ഉൾപ്പെടുന്ന “സി” ബ്ലോക്കും തീവ്രബാധിതമേഖലയുടെ പട്ടികയിൽ ചേർത്തു.

പരിശോധനാഫലം സ്ഥിരീകരിക്കുന്നതിനുമുൻപ് അമ്മയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ആശുപത്രിക്കാർ അനുവദിച്ചത് എന്തിനാണെന്നാണ് മുഹമ്മദ് ചിന്തിക്കുന്നത്.

ഇതിനുശേഷം മുഹമ്മദും കുടുംബാംഗങ്ങളുമുൾപ്പെടെ 15 പേരെ ക്വാറന്റൈനിലാക്കി.

ജഹാംഗീർപുരിയിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച 31 ആളുകളുടെ പട്ടിക അധികാരികൾ തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിൽപ്പറയുന്ന 15 പേർ നൂർ മുഹമ്മദിന്റെ സ്വന്തം കുടുംബത്തിലെയാണ്. ബാക്കി പതിമൂന്നുപേർ ബന്ധുക്കളാണ്. ഈ ലിസ്റ്റിൽ പെട്ട എല്ലാവരും ഒരു കുടുംബത്തിലെയല്ല. പേരും മറ്റു വിവരങ്ങളും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നൂർ മുഹമ്മദിന്റെ കുടുംബത്തിലെ ആറു പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളിൽ 13 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും ഒരു കുടുംബത്തിലെ 26 പേർക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് എന്നു പറഞ്ഞത് തെറ്റാണെന്നു വ്യക്തമാവുന്നു.

ജഹാംഗീർപുരിയിൽ 26 അംഗ കുടുംബത്തിനു കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചുുവെന്ന, മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പ്രസ്താവന കൃത്യമല്ലെന്നു തെളിയുന്നു. ഡാറ്റകൾ പരിശോധിക്കാതെയാണ് പല മാധ്യമങ്ങളും 26 അംഗ കുടുംബം, 31 അംഗ കുടുംബം എന്നിങ്ങനെ എഴുതി കൊറോണവൈറസ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ടു ചെയ്തത്. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് കെജ്‌രിവാൾ കുടുംബത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

നൂർ തന്റെ അമ്മ അജിമൻ ബീബിയെ ഒന്നിലധികം ആശുപത്രികളിലേക്ക് കൊണ്ടുപോയതായും രോഗലക്ഷണങ്ങൾ കാണിച്ചിട്ടും വളരെ വൈകും വരെ അവരെ പ്രവേശിപ്പിക്കുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെട്ടു. അജിമൻ ബീബിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ഡോ. ആർ‌എം‌എൽ ആശുപത്രി കുടുംബത്തെ അനുവദിച്ചു. നിരവധി പേർ പങ്കെടുത്ത സംസ്കാര ചടങ്ങുകൾ കുടുംബം നടത്തി. കൃത്യമല്ലാത്ത മാധ്യമ റിപ്പോർട്ടുകൾ സംസ്ഥാനത്തിന്റെ പരാജയത്തെ അവഗണിക്കുകയും അണുബാധയുടെ ഉത്തരവാദിത്തം കുടുംബത്തിനുമേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു.

Courtesy: altnews

Advertisement