Mon. Nov 18th, 2024

ന്യൂഡല്‍ഹി:

വായ്​പയെടുത്ത്​ വിദേശത്തേക്ക്​ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്​സി ഉൾപെടെയുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകൾ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന ആര്‍ബിഐയ്യുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഫെബ്രുവരി 16-ന് പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും മറുപടി നൽകാൻ തയ്യാറായിരുന്നില്ല. ഇവരുടെ ഈ മൗനത്തെയാണ് രാഹുല്‍ വിമര്‍ശിച്ചിരിക്കുന്നത്.

”മാർച്ച്​ 16ന്​ ലോക്​സഭയിൽ താൻ ഇന്ത്യയിലെ ഏറ്റവും വലിയ 50 ബാങ്ക്​ കള്ളൻമാരുടെ വിവരം ചോദിച്ചിരുന്നു. പക്ഷേ ധനമന്ത്രി നിർമല സീതാരാമൻ അതിനുത്തരം നൽകിയിരുന്നില്ല. ഇപ്പോള്‍ ബിജെപിയുടെ  സുഹൃത്തുക്കളായ നിരവ്​ മോദി, മെഹുൽ ചോക്​സി എന്നിവരടക്കമുള്ളവരുടെ പേര്​ ആർബിഐ പുറത്തുവിട്ടിരിക്കുന്നു. ഇതുകൊണ്ടാണ്​ സത്യം അവർ മറച്ചുവെച്ചതെന്നും രാഹുൽ തുറന്നടിച്ചു.

ആർടിഐ പ്രവർത്തകൻ സാകേത് ഗോഖലെ ഫെബ്രുവരി 16ന് നല്‍കിയ അപേക്ഷയിലാണ് ആർബിഐ മറുപടി നൽകിയത്. ചോക്സി, മല്യ ഉള്‍പ്പെടെയുള്ള 50 പേരുടെ പേരിലുള്ള വായ്പകളുടെ നിജസ്ഥിതിയെന്താണെന്നാണ് ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്.

By Binsha Das

Digital Journalist at Woke Malayalam