ഡൽഹി:
രാജ്യത്തെ കൊവിഡ് മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേർക്ക് വൈറസ് ബാധ മൂലം ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. ഇതു വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. മരണത്തിലെ 80% മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ദില്ലി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.
കരുതലോടെ മാത്രമേ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താവു എന്നാണ് സർക്കാർ നിയോഗിച്ച ഗവേഷണ സമിതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണവും, മരണനിരക്കും ഇനിയും വർധിക്കുമെന്ന് തന്നെയാണ് ബംഗ്ലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച്, ഐ ഐ ടി ബോംബെ എന്നീ ഗവേഷണ സ്ഥാപനങ്ങൾ കേന്ദ്രത്തിന് സംയുക്ത റിപ്പോർട്ടിലും പറയുന്നത്.