Thu. Mar 28th, 2024

ന്യൂഡല്‍ഹി:

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ടിവി ചാനലിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ രാജ്യമെങ്ങും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. അര്‍ണബിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ പരാതിയും ലഭിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി മൂന്നാഴ്ചത്തെ സംരക്ഷണം നല്‍കി.

അർണബിനും റിപ്പബ്ലിക് ടിവിക്കും സുരക്ഷ ഉറപ്പാക്കാൻ മുംബൈ പോലീസിനോട് സുപ്രീം കോടതി നിർദേശിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്,തെലങ്കാന, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളിലാണ് കോടതി പരിരക്ഷ നല്‍കിയിരിക്കുന്നത്. തനിക്കെതിരായ എഫ്‌ഐആറുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയെ സമീപിച്ചത്.

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ മോഷ്ടാക്കളെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ദിവസങ്ങള്‍ക്ക് മുമ്പാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഈ സംഭവത്തെ കുറിച്ച്  നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചത്. മൗ​ല​വി​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ങ്കി​ൽ രാ​ജ്യം ഇ​ത്ത​ര​ത്തി​ൽ ശാ​ന്ത​മാ​യി​രി​ക്കു​മോ എ​ന്ന്​ താ​ൻ ചോ​ദി​ക്കു​ന്നു​​വെ​ന്നും ഇ​റ്റ​ലി​ക്കാ​രി​യാ​യ സോ​ണി​യ മൗ​നം പാ​ലി​ക്കു​മോയെന്നും അര്‍ണബ് ഗോസ്വാമി ചര്‍ച്ചയിക്കിടെ ചോദിച്ചിരുന്നു. ഇത് പിന്നീട് വിവാദമാകുകയായിരുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam