Fri. Apr 26th, 2024

അമേരിക്ക:

കൊവിഡ് 19 വെെറസ് വ്യാപനം ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് എല്ലാവരും വീടുകളിലൊതുങ്ങിയപ്പോള്‍ വിജയം കൊയ്തത് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സിന് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് 1.6 കോടി പുതിയ ഉപയോക്താക്കളെയാണ്. ഇരുപത്തി രണ്ട് ശതമാനത്തിലധികം വളര്‍ച്ചയാണ് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ നെറ്റ്ഫ്ലിക്സിനുണ്ടായത്.

ലോക്ഡൗണ്‍ സമയത്ത് ആളുകള്‍ വീട്ടിലിരുന്ന് സമയം പോകാനായി നെറ്റ്ഫ്ലിക്സിനെ ആശ്രയിച്ചതാണ് നേട്ടത്തിന് കാരണമായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധനവാണ് വരിക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.  ജൂണ്‍ അവസാനത്തോടെ 7.5 മില്യണ്‍ ഉപയോക്താക്കളെ കൂടി ലഭിക്കുക എന്നതാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

അതേസമയം, ലോക്ഡൗണിന് ശേഷം ആരാധകരുടെ ഈ തള്ളിക്കയറ്റം അവസാനിക്കുമോ എന്ന ആശങ്കയിലാണ് നെറ്റ്ഫ്ലിക്സ്. ലോക്ഡൗണ്‍ മൂലം നെറ്റ്ഫ്ലിക്സിന്‍റെ ഷൂട്ടിങ്ങുകള്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകായണ്. ഇതിനാല്‍ പുതിയ റിലീസുകള്‍ക്ക് കാലതാമസം വരികയും ചെയ്യും. അതുകൊണ്ട് തന്നെ ഭാവിയില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നെറ്റ്ഫ്ലിക്സിന് ഇപ്പോൾ ലോകമെമ്പാടുമായി 182 മില്ല്യണ്‍ വരിക്കാരുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam