Wed. Dec 18th, 2024

ചെന്നെെ:

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. വലുപ്പചെറുപ്പമില്ലാതെ നിരവധിപേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സന്നദ്ധരാകുന്നത്. സിനിമാ താരങ്ങളും സംഭാവന നല്‍കുന്നത് കുറവല്ല. ഇപ്പോള്‍ ഒടുവില്‍ സഹായവുമായി രംഗത്തെത്തിയിരിക്കുന്നത് ദളപതി വിജയ് ആണ്.

തമിഴരെ പോലെ തന്നെ കേരളത്തിലും ഒരുപാട് ആരാധകരുള്ള വിജയ് കേരളത്തിന് 10 ലക്ഷം രൂപയടക്കം ആകെ 1 കോടി 30 ലക്ഷം രൂപയാണ് സംഭാവന നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്‌സിയിലേക്ക് 25 ലക്ഷം എന്നിങ്ങനെയും കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് നല്‍കിയത്. ഇതിനുപുറമെ ഫാൻസ് ക്ലബ്ബുകൾ വഴി സഹായം ആവശ്യമുള്ളവർക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നൽകിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam