Mon. Dec 23rd, 2024
കൊച്ചി:

സ്പ്രിംഗ്ലർ വിവാദത്തിൽ കേന്ദ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെങ്കിലും ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാനും ആവശ്യപ്പെട്ടു. 

കമ്പനിയുടെ കൈയ്യിൽ വിവരങ്ങൾ സുരക്ഷിതമാണെന്ന് എന്ത് ഉറപ്പാണുള്ളതെന്നും കരാറിൽ മൂന്നാം കക്ഷിയുടെ ആവശ്യം എന്താണെന്നും ഉൾപ്പടെയുള്ള ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. സ്പ്രിംഗ്ലർ കമ്പനിക്ക് വേണ്ടി ആരും ഹാജരാകാതിരുന്നതിനാൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

സ്പ്രിംഗ്ലർ വഴി കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരശേഖരണം നടത്തിയതിൽ ക്രമക്കേടുകൾ ഉണ്ടെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നുമാണ് ഹർജിയിൽ ആവിശ്യപെട്ടിരുന്നത്. ഇത് കൂടാതെ സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവർത്തിച്ചുവെന്ന് ആരോപിച്ച് നൽകിയ മറ്റൊരു ഹർജിയും പരിഗണനയിലുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam