Sun. Dec 22nd, 2024
#ദിനസരികള്‍ 1096

 
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്ന പേര് ഒരു തമാശ മാത്രമാണ്. മലബാറില്‍ മാത്രമാണ് ആ കൊടിക്ക് കീഴില്‍ ഒരല്പം ആള്‍ക്കൂട്ടമുള്ളത്. അത് പേരില്‍ മുസ്ലിം എന്നുള്ളതുകൊണ്ടുമാത്രമാണ്. പേരില്‍ പദമില്ലായിരുന്നുവെങ്കില്‍ കഴഞ്ചിന് കണ്ടു കിട്ടാന്‍ ഉണ്ടാകുമായിരുന്നില്ല.

പാവപ്പെട്ട വിശ്വാസികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കൂടെ നിറുത്തിക്കൊണ്ട് ചില നേതാക്കന്മാര്‍ക്ക് പുളയ്ക്കാനുള്ള ചളിക്കളം മാത്രമായിട്ടാണ് കേരള രാഷ്ട്രീയത്തില്‍ എക്കാലവും മുസ്ലീംലീഗ് അടയാളപ്പെടുത്തപ്പെട്ടു പോന്നിട്ടുള്ളത്. അത്രമാത്രമാണ് കേവലമൊരു മലബാര്‍ സംഘടന അല്ലെങ്കില്‍ മലപ്പുറം കൂട്ടം മാത്രമായ ലീഗിന്റെ പ്രസക്തിയും പ്രാധാന്യവും. ഒരു ജനാധിപത്യ മതേതര രാജ്യത്ത് പ്രവര്‍ത്തിക്കുവാനുള്ള ഒരവകാശവും തികച്ചും മതാധിഷ്ടിതമായ ഈ സംഘടനയ്ക്കില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയമായ ഒരു കാഴ്ചപ്പാടുമില്ലാത്ത ആ സംഘടന കേവലം മുഖമില്ലാത്ത ഒരാള്‍ക്കൂട്ടമെന്നല്ലാതെ അതിനപ്പുറം ഒന്നും തന്നെയില്ല.

യു ഡി എഫ് എന്ന വലതു കൂട്ടായ്മയിലെ ശക്തമായ വോട്ടു ബാങ്കാണ് മുസ്ലിം ലീഗ് എന്നതുകൊണ്ടുമാത്രമാണ് അക്കൂട്ടര്‍ അവിടേയും പ്രസക്തരാകുന്നത്. 1979 ല്‍ സി എച്ച് മുഹമ്മദുകോയ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നുവെന്നതിന്റെ മഹത്വം പറയുന്നവര്‍ ഇക്കാലത്തുമുണ്ട്. ഗതികേടുകൊണ്ടാണ് സി എച്ചിനെ പിന്തുണക്കുന്നതെന്ന് അന്നുതന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയുള്ളതാണെന്ന് മറക്കരുത്. (പ്രസിഡന്റ് ഭരണം ഒഴിവാക്കാനും ഇഷ്ടദാന ബില്‍ പാസ്സാക്കാനും മാത്രമാണ് സി എച്ചിനെ പിന്തുണയ്ക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.)

ഉള്ളുകൊണ്ട് കോണ്‍ഗ്രസിലേയോ യു ഡി എഫിലേയോ മറ്റൊരു പാര്‍ട്ടിക്കും ഇക്കൂട്ടരോട് താല്പര്യമില്ല. എന്നാല്‍ രാഷ്ട്രീയമായി നിലനിന്നു പോകണമെങ്കില്‍ മതസംഘടനയായ ലീഗിന്റെ സഹായം ആവശ്യമാണെന്ന് യു ഡി എഫിനറിയാം. അതുകൊണ്ടാണ് ഒരു സ്ഥിര നിക്ഷേപം എന്ന നിലയില്‍ കെട്ടുകാഴ്ചയായി ലീഗിനെ എഴുന്നള്ളിച്ചുകൊണ്ട് നടക്കുന്നത്. സി എച്ചിനെ മുഖ്യമന്ത്രിയാക്കിയതുപോലെയുള്ള ഗതികേടുകള്‍ക്ക് തലവെച്ചു കൊടുക്കേണ്ടി വന്നതും അതുകൊണ്ടാണ്.

കേരളം എന്നൊരു പൊതുവായ കാഴ്ചപ്പാടില്‍ നാളിതുവരെ ആ സംഘടനയോ അതിന്റെ നേതൃത്വമോ ചിന്തിച്ചിട്ടില്ല. അങ്ങനെയൊരു മതേതരവും സാമൂഹ്യപ്രസക്തവുമായ ചിന്ത 1948 മുതല്‍ നാളിതുവരെ അവരുടെയുള്ളില്‍ രൂപംകൊണ്ടിട്ടില്ല. മെമ്പര്‍ഷിപ്പു വിതരണം പോലും മതപരമായ ഒരു ചടങ്ങായി ആചരിക്കുന്നവര്‍ക്ക് എന്തു ജനാധിപത്യം? എന്തു മതേതരത്വം? എന്ത് പൌരബോധം?

സ്വാതന്ത്ര്യ പൂര്‍വ്വ ഇന്ത്യയില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന അഖിലേന്ത്യാ ലീഗ് സ്വാതന്ത്ര്യപ്രാപ്തിയോടെ പിരിച്ചു വിടാനുള്ള തീരുമാനത്തിലേക്ക് കടന്നു. ഒരു മതസംഘടനായി സ്വതന്ത്ര ഇന്ത്യയില്‍ നിലനിന്നു പോകുകയെന്നത് അസംബന്ധമാണെന്നും അതൊരിക്കലും ദേശീയ സമരപ്രസ്ഥാനങ്ങളുടെ വിശാലവും മതേതരവുമായ കാഴ്ചപ്പാടിനെ അംഗീകരിക്കുന്നാതികില്ലെന്നുമാണ് അവര്‍ ചിന്തിച്ചത്. എന്നാല്‍ മുതലെടുപ്പിനുള്ള സാധ്യത നന്നായി അറിയാമായിരുന്ന ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബും മറ്റു ചിലരും അതിന് വഴങ്ങിയില്ല. മുസ്ലിം സ്വത്വത്തെ ഫലപ്രദമായി ഉപയോഗിക്കാനുള്ള സാധ്യത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായി നിലനില്ക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. വിലപേശല്‍ ആത്യന്തികമായി മുസ്ലിംലീഗിന്റെ ജനനത്തിന് കാരണമായി.

അന്നു മുതല്‍ മുസ്ലിം സ്വത്വത്തെ ഒരു വിലപേശാനുള്ള ഒരുപാധിയാക്കി മാറ്റിയെടുത്തുകൊണ്ട് അവര്‍‌ സ്വന്തം ജനതയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷമെന്ന നിലയില്‍ കൂടുതലായി തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും സമുദായത്തിനു വേണ്ടി എന്തു ചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരം വട്ടപ്പൂജ്യമാണ്. പാണക്കാടു കുടുംബത്തിലെ അടിച്ചു തളിക്കാരായ ചിലര്‍ക്ക് മന്ത്രിപദവികളും മറ്റും മറ്റുമായി ലഭിക്കുന്നുവെന്നല്ലാതെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കും സമുദായത്തിനും എന്താണ് ഗുണമെന്ന് ഇനിയെങ്കിലും ലീഗിന്റെ ആരാധകര്‍ ആലോചിക്കേണ്ടതുണ്ട്.

അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കുമുന്നേതന്നെ “അധ്വാനിക്കുന്ന ബഹുജനങ്ങളെ മുസ്ലിമെന്നും അമുസ്ലിമെന്നും രണ്ടാക്കിത്തിരിച്ച് ബഹുജനസമരങ്ങള്‍ ക്ഷീണിപ്പിച്ച് പ്രമാണി വര്‍ഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നതെ”ന്ന് ഇ എം എസ് വര്‍ഷങ്ങള്‍ക്കുമുന്നേ പറഞ്ഞു വെച്ചത്.
ലീഗിനെതിരെയുള്ള വിമര്‍ശനം മുസ്ലീമിനെതിരെയുള്ള ആക്രമണമാണെന്ന് മാറ്റിയെടുക്കാന്‍ ലീഗ് നേതൃത്വത്തിന് അസാമാന്യമായ കഴിവുണ്ട്. സാധാരണക്കാരായ മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രീകരണമുണ്ടാക്കാനുള്ള ആ ശേഷി മാത്രമാണ് ഇക്കാലം വരെ ലീഗിനെ രക്ഷിച്ചു പോന്നത്.

എന്നാല്‍ ലീഗിനെ നയിക്കുന്ന അസംബന്ധക്കൂട്ടങ്ങളെക്കുറിച്ച് പൊതുജനത്തിന് ഇക്കാലത്ത് വ്യക്തമായ ധാരണകളുണ്ടായിവരുന്നു. ആ പൊതുജനത്തില്‍ മുസ്ലിം വിശ്വാസികള്‍ തന്നെയാണ് ഭൂരിപക്ഷവുമെന്നത് സൂചിപ്പിക്കുന്നത് ലീഗിന്റെ പ്രസക്തിയെക്കുറിച്ച് വെല്ലുവിളിയുയരുന്നുവെന്നു തന്നെയാണ്.
സാക്ഷാല്‍ ജഹഹര്‍ലാല്‍, ചത്ത കുതിരയെന്നാണ് ലീഗിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇപ്പോഴാകട്ടെ ആ ശവം അതികഠിനമായ ദുര്‍ഗന്ധം പരത്തുകയാണ്. എടുത്തു കുഴിച്ചിടുക എന്ന ജനാധിപത്യപരമായ കട ചെയ്യാന്‍ പൊതുജനം ഇനിയും മടിച്ചു നിന്നുകൂട.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.