ഭോപ്പാൽ:
മനുഷ്യരാശിയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 എന്ന മഹാമാരി വ്യാപിക്കുമ്പോള്‍ സര്‍വ്വസന്നാഹങ്ങളും സജ്ജമാക്കി, വൈറസിനെതിരെ പൊരുതാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് വിവിധ ഭരണകൂടങ്ങള്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനമേധാവിത്വങ്ങളും രാപ്പകലില്ലാതെ രോഗപ്രതിരോധ നടപടികളില്‍ മുഴുകിയിരിക്കുമ്പോള്‍, വ്യക്തമായ ഒരു ഭരണസംവിധാനത്തിന്‍റെ അപര്യാപ്തത കാരണം പ്രതിസന്ധിയിലായിരിക്കുന്ന സംസ്ഥാനമാണ് മദ്ധ്യപ്രദേശ്.
ഇതുവരെ 564 കൊവിഡ് 19 കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 36 മരണങ്ങളും സ്ഥിരീകരിച്ചുകഴിഞ്ഞു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ കൊവിഡ് ബാധിച്ച് ആശുപത്രിയിലാണ്. ലോക്ഡൗണ്‍ പ്രഖ്യാപനം നീട്ടിയത് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിമാത്രമാണെന്ന വാദവുമായി മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത് വന്നു കഴിഞ്ഞു.
വൈറസ് ബാധയേറ്റ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ രണ്ടാമതായ മദ്ധ്യപ്രദേശില്‍ നിര്‍ണ്ണായ വകുപ്പുകളായ ആരോഗ്യവും, ആഭ്യന്തരവും കൈകാര്യം ചെയ്യാന്‍ മന്ത്രിമാരില്ല എന്ന വസ്തുതയാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.
കഴിഞ്ഞ മാസം കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെങ്കിലും മന്ത്രിമാരെ ഇതുവരെ നിയമിച്ചിട്ടില്ല. സംസ്ഥാനത്തിന്‍റെ ആരോഗ്യ വകുപ്പ് തന്നെ കൊവിഡ് ഹോട്ട്സ്പോട്ടാകുന്ന ഈ സാഹചര്യത്തില്‍ എങ്ങനെയായിരിക്കും മദ്ധ്യപ്രദേശ് പ്രതിസന്ധി തരണം ചെയ്യുന്നത്?
നാഥനില്ലാതെ ആരോഗ്യവകുപ്പ്
രാഷ്ട്രീയ ചേരിതിരിവിന്‍റെയും, കൂറുമാറ്റത്തിന്‍റെയും ചൂടുപിടിച്ച വാര്‍ത്തകളായിരുന്നു കൊറോണ വൈറസ് വ്യാപനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ മദ്ധ്യപ്രദേശില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരുന്നത്. മാര്‍ച്ച് രണ്ടാം വാരത്തോടെ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ അട്ടിമറിക്കുകയും ബിജെപി നേതാവായ ശിവരാജ് സിങ് ചൗഹാന്‍ നാലാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പ്, മാര്‍ച്ച് 23 നായിരുന്നു, സംസ്ഥാന തലസ്ഥാനത്തുള്ള ഗവര്‍ണറുടെ ഒദ്യോഗിക വസതിയായ രാജ്ഭവനില്‍ വച്ച് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.
കൊവിഡ് 19 നിയന്ത്രണങ്ങള്‍ക്കും, സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയ്ക്കും സംസ്ഥാനങ്ങള്‍ പ്രഥമ പരിഗണന നല്‍കി, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായപ്പോള്‍ വളരെ ലാഘവത്തോടെയായിരുന്നു മദ്ധ്യപ്രദേശില്‍ കാര്യങ്ങളുടെ പോക്ക്.
സംസ്ഥാനത്ത് ആരോഗ്യമന്ത്രിയുടെ അഭാവം, നിലവിലെ ആരോഗ്യ പ്രതിസന്ധി വര്‍ദ്ധിപ്പിക്കാനിടയാക്കുന്നു എന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതാണ് വിവാദമാകുന്നത്.
ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജെയിന്‍ ഗോവില്‍, മധ്യപ്രദേശ് ഹെല്‍ത്ത് കോര്‍പറേഷന്‍ എംഡി ജെ വിജയ് കുമാര്‍, സംസ്ഥാനത്തെ ആയുഷ് മേധാവി, ആരോഗ്യ വകുപ്പിലെ 3 ഐഎഎസ് ഉദ്യോഗസ്ഥർ, ഡപ്യൂട്ടി ഡയറക്ടർമാർ, കോവിഡ് പ്രതിരോധത്തിന്റെ ആസൂത്രണച്ചുമതല വഹിച്ച അഡീഷനൽ ഡയറക്ടർ എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് രോഗം ബാധിച്ചത് മൂടിവയ്ക്കാന്‍ നടത്തിയ ശ്രമങ്ങളാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. യുഎസിൽ നിന്നു മകന്‍ എത്തിയ വിവരം മറച്ചുവച്ച് ഔദ്യോഗിക യോഗങ്ങളിൽ പല്ലവി ജെയിന്‍ ഗോവില്‍ പങ്കെടുത്തതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.
ക്വാറന്റീനിൽ പ്രവേശിക്കാൻ വിസമ്മതിച്ച് ഓഫിസിലെത്തിയ പല്ലവിക്കു രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ, അവരുമായി അടുത്തിടപഴകിയ ഉദ്യോഗസ്ഥരെയെല്ലാം ഐസലേഷനിലാക്കുകയാണുണ്ടായത്. പിന്നീടുള്ള ദിവസങ്ങളിലാണ് വകുപ്പിന്റെ പ്രവർത്തനം താറുമാറാക്കി ഭൂരിഭാഗം ഉദ്യോഗസ്ഥരും രോഗബാധിതരായത്.
തിടുക്കം കാട്ടിയത് സത്യപ്രതിജ്ഞ ചെയ്യാന്‍
ഏപ്രിൽ 8 നായിരുന്നു ഇൻഡോർ, ഭോപ്പാൽ, ഉജ്ജൈൻ എന്നീ മൂന്ന് പ്രധാന നഗരങ്ങൾ പൂർണമായും അടച്ചിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തൊട്ടടുത്ത ദിവസം, ഏപ്രില്‍ 9 നായിരുന്നു ഇന്‍ഡോറില്‍ കൊവിഡ് 19 രോഗബാധിതനായ ഡോക്ടറുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മരണനിരക്കില്‍ സാരമായ വര്‍ദ്ധനവുണ്ടായിട്ടും ലോക്ക് ഡൗണ്‍ കാലാവധി നീട്ടേണ്ടതില്ലെന്ന നിലപാടാണ് മദ്ധ്യപ്രദേശ് സ്വീകരിച്ചത്. സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും കോവിഡ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിലപാടറിയിച്ചത്.
കൊറോണ വൈറസിനെതിരെ പൊരുതുക എന്നതിനാണ് ഈ സാഹചര്യത്തില്‍ മുന്‍ഗണന എന്നായിരുന്നു ആരോഗ്യമന്ത്രിയെ നിയമിക്കുന്നതില്‍ സംസ്ഥാന നേതൃത്വം കാണിക്കുന്ന അലസത ചൂണ്ടിക്കാട്ടിയപ്പോള്‍ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി പരികിപണ്ഡല നരഹരി പറഞ്ഞത്.
സാമൂഹിക അകലം പോലും കണക്കിലെടുക്കാതെ നടത്തിയ വിശാലമായ സത്യപ്രതിജ്ഞാ ചടങ്ങ് എങ്ങനെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് എന്ന്, ദേശീയ മാധ്യമങ്ങള്‍ ശിവരാജ് സിങ് ചൗഹാനോട് ചോദിച്ചത് ഈ സാഹചര്യത്തിലാണ്.
സത്യപ്രതിജ്ഞ ചെയ്യാന്‍ ശിവരാജ് സിങ് ചൗഹാന്‍ കാണിച്ച തിരക്ക് എന്തു കൊണ്ട് ക്യാബിനറ്റ് രൂപീകരണത്തില്‍ കാണിക്കുന്നില്ല എന്നതാണ് ഉയര്‍ന്നു വരുന്ന ചോദ്യം. സര്‍ക്കാരില്ലാതെ എങ്ങനെ മഹാമാരിയെ ചെറുക്കാം എന്ന പാഠമാണ് മദ്ധ്യപ്രദേശ് ലോകത്തിന് നല്‍കുന്നത് എന്ന തരത്തിലുള്ള പരിഹാസ പ്രസ്താവനകളും ഉന്നയിക്കപ്പെടുന്നുണ്ട്.
“ഭക്ഷ്യക്ഷാമം നേരിടുന്നതിനോ, വർദ്ധിച്ചുവരുന്ന മെഡിക്കൽ ആവശ്യങ്ങൾ പരിഹരിക്കുന്നതിനോ ആവശ്യമായ പദ്ധതികളോ പ്രോട്ടോകോളുകളോ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ല” ഭോപ്പാല്‍ ദുരന്ത ബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന, സാമൂഹ്യ പ്രവര്‍ത്തക രചനാ ദിംഗ്രയുടെ വാക്കുകളാണിവ.
ഭോപ്പാൽ വാതക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് രോഗപ്രതിരോധ ശേഷി വളരെ ദുർബലമാണ്, ഇത് കൊവിഡ് 19 പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, ഇത്തരം ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തര നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് അവരുടെ പരാതി.
ആരോഗ്യമന്ത്രിയെ നിയമിക്കാത്ത സാഹചര്യത്തില്‍, മുഖ്യമന്ത്രി എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ട ബാധ്യത ശിവരാജ് സിങ് ചൗഹാന്‍ എന്തുകൊണ്ട് കാണിക്കുന്നില്ല എന്നതാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന ചോദ്യം.
ലോക്ക്ഡ ഡൗൺ അവസാനിച്ചതിന് ശേഷം മന്ത്രിസഭ രൂപീകരിക്കാൻ ബിജെപി ഹൈക്കമാൻഡ് തീരുമാനിച്ചതായും അദ്ദേഹത്തെ സഹായിക്കാൻ പാർട്ടി സഹപ്രവർത്തകരും എംഎൽഎമാരും എംപിമാരും ഉണ്ടെന്നും ചൗഹാന്‍ പറഞ്ഞു.
ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം മന്ത്രിസഭ രൂപീകരിക്കാൻ ബിജെപി ഹൈക്കമാൻഡ് തീരുമാനിച്ചതായും തന്നെ സഹായിക്കാൻ പാർട്ടി സഹപ്രവർത്തകരും എംഎൽഎമാരും എംപിമാരും ഉണ്ടെന്നുമാണ് ശിവരാജ് സിങ് ചൗഹാന്‍ നല്‍കുന്ന മറുപടി.
“ഞാൻ രാവിലെ 6 മണിക്ക് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള ആശയവിനിമയം ആരംഭിക്കുന്നു, എന്റെ മീറ്റിംഗുകൾ അർദ്ധരാത്രി കഴിഞ്ഞാണ് അവസാനിക്കുന്നത്, ”ചൗഹാന്‍ പറയുന്നു. തനിക്ക് അര്‍പ്പണ ബോധമുള്ള ബ്യൂറോക്രാറ്റുകളുടെയും, 7.5 കോടിയോളം വരുന്ന പൗരന്മാരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കുന്നതിൽ കേന്ദ്രം നടത്തിയ ഇടപെടലുകൾ സംസ്ഥാനത്ത് കൊവിഡ്-19 കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ വൈകുന്നതിന് കാരണമായെന്നാണ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ വിമര്‍ശനം. കൊവിഡ്-19 സാഹചര്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചതിനു ശേഷമാണ് മദ്ധ്യപ്രദേശില്‍ 40 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നാണ് കോണ്‍ഗ്രസ് വാദം.
കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുന്നതിനായി ബിജെപി കൂറുമാറ്റി, നിയമസഭയിൽ നിന്ന് രാജിവെച്ച 22 കോൺഗ്രസ് എംഎൽഎമാർ അടക്കം നിരവധിപേര്‍ മന്ത്രി പദവി ആഗ്രഹിച്ച് കാത്തിരിക്കുന്നു എന്നത് ശിവരാജ് സിങ് ചൗഹാനു മുന്നിലെ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയാണ്. അതിനാല്‍ മദ്ധ്യപ്രദേശിലെ കാബിനറ്റ് രൂപീകരണ തടസ്സങ്ങളിൽ തന്നെയാണ് ബിജെപി ദേശീയ നേതൃത്വവും ശ്രദ്ധ ചെലുത്തുന്നത്.