Reading Time: 2 minutes
#ദിനസരികള്‍ 1089

 
ഹരിത നിരൂപണത്തെക്കുറിച്ച് മലയാളികളോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ജി മധുസൂദനന്‍ തന്റെ ചിന്തകളെ ഭാവനയുടെ ജലസ്ഥലികള്‍ , കഥയും പരിസ്ഥിതിയും, ഹരിത നിരൂപണം മലയാളത്തില്‍, ഭാവുകത്വം മാറുന്നു എന്നിങ്ങനെ സമാഹരിച്ചിരിക്കുന്നു. താരതമ്യേന നാം വളരെ കുറവായി കേട്ട ഹരിത നിരൂപണമെന്ന വിമര്‍ശന പദ്ധതിയുടെ പ്രായോഗികവും സൈദ്ധാന്തികവുമായ പുറങ്ങളെക്കുറിച്ച് സമഗ്രമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ പുസ്തകങ്ങള്‍ നമ്മെ സഹായിക്കും.

എന്താണ് ഹരിത നിരൂപണം?

 

‘ഹരിതനിരൂപണം മലയാളത്തില്‍’ എന്ന ഗ്രന്ഥത്തിലെ ‘വിമര്‍ശനത്തിലെ ഹരിത വൈവിധ്യം’ എന്ന പ്രവേശകത്തില്‍ ഈ നവരീതിയെ ഇക്കോ ക്രിട്ടിസിസം എന്ന റീഡറിന്റെ ആമുഖ പഠനത്തി‍ല്‍ ഷെരില്‍ ഗ്ലോഫെല്‍റ്റി നിര്‍വചിക്കുന്നത് ഉദ്ധരിച്ചിട്ടുണ്ട്:- “മനുഷ്യ സംസ്കാരം പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയും അതിനെ സ്വാധീനിക്കുന്നതുപോലെതന്നെ അതിനാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇക്കോ ക്രിട്ടിസിസം പ്രകൃതിയും സംസ്കാരവുമായുള്ള ബന്ധത്തിന്റെ കെട്ടുപാടുകള്‍ അന്വേഷിക്കുന്നു.

ഒരു വിമര്‍ശന സമീപനമെന്ന നിലയില്‍ അതിന്റെ ഒരു കാല് സാഹിത്യത്തിലും മറ്റൊന്ന് ഭൂമിയിലുമാണ്; ഒരു സൈദ്ധാന്തിക വ്യവഹാരമെന്ന നിലയില്‍ അത് ഒരേ സമയം മനുഷ്യരും മനുഷ്യേതര സത്തകളുമായി ബന്ധപ്പെട്ട് വര്‍ത്തിക്കുന്നു. ഫെമിനിസ്റ്റു വിമര്‍ശനം ഭാഷയേയും സാഹിത്യത്തേയും ലിംഗബോധത്തോടെ സമീപിക്കുന്നതുപോലെ മാര്‍‌ക്സിസ്റ്റു വിമര്‍ശനം ഉല്പാദനബന്ധങ്ങളുടെ സാമൂഹിക വ്യതിരിക്തതയും വര്‍ഗ്ഗബോധവും സാഹിത്യ പഠനത്തിന് ഉപയോഗിക്കുന്നതുപോലെ ഇക്കോ ക്രിട്ടിസിസം സാഹിത്യ പഠനത്തിന് ഒരു ഭൌമ കേന്ദ്രിത സമീപനം സ്വീകരിക്കുന്നു.

കഥാപാത്രങ്ങള്‍ പ്രമേയം ഇതിവൃത്തം എന്നിവയുമായി നാം പരിചിതരാണ്. സ്ഥലത്തെക്കുറിച്ചുള്ള ബോധമാണ് അവഗണിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്നത്. ഈ അവസ്ഥയെ മാറ്റത്തീര്‍ക്കുവാനാണ് ഹരിത നിരൂപകരുടെ ഉദ്യമം.”

ഈ നിര്‍വചനത്തില്‍ നിന്നും നമുക്ക് ചിലതെല്ലാം മനസ്സിലാകുന്നു. അതില്‍ പ്രധാനപ്പെട്ടത് ഭൌമ കേന്ദ്രിത സമീപനം എന്നതാണ്. എങ്ങനെയാണ് ഒരു കൃതിയെ ആ അര്‍ത്ഥത്തില്‍ സമീപിക്കാനും ഇഴകീറി വായിച്ചെടുക്കാനും കഴിയുക എന്നത് കൌതുകരമായ സംഗതിയാണ്. ഒരു മാര്‍ക്സിസ്റ്റു ചിന്തകന്‍ തന്റെ ഉപകരണങ്ങളെക്കൊണ്ട് കൃതികളെ വര്‍ഗ്ഗപരമായി വായിച്ചെടുക്കാന്‍ ശ്രമിക്കുന്നതുപോലെ ഒരു വിമര്‍ശകന്‍ അധികാര ബന്ധങ്ങള്‍ കൃതിയില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്നതുപോലെയും ഹരിത നിരൂപകന്‍ തന്റേതായ അളവുകോലുകളെ ഉപയോഗിച്ച് കൃതികളെ മനസിലാക്കാന്‍ ശ്രമിക്കുന്നു.

ഭാവുകത്വം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എന്ന പുസ്തകത്തില്‍, “പ്രപഞ്ചവും ഭൂപ്രകൃതിയും അതിലെ മനുഷ്യ – മനുഷ്യേതര സത്തകളും ആഖ്യാനവുമായുള്ള ബന്ധത്തെ ഇഴപിരിച്ചു പഠിക്കുകയെന്നത് ഹരിത നിരൂപണത്തിലെ മുഖ്യധാരയാണ്” എന്ന് ചൂണ്ടിക്കാണിക്കുന്നത് ഒരു കൃതിയെ മനസ്സിലാക്കുവാന്‍ ഹരിത നിരൂപകന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള സൂചന കൂടിയാണ്.

ഇക്കോ ക്രിട്ടിസിസത്തിന്റെ മേഖലയില്‍ 1996 ലാണ് ഈ നവവിമര്‍ശന രീതിയെ അടയാളപ്പെടുത്തുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. നാം നേരത്തെ ഉദ്ധരിച്ച ഷെരില്‍ ഗ്ലോഫെല്‍റ്റിയാണ് ആ പുസ്തകത്തിന്റെ എഡിറ്റര്‍. താരതമ്യേന ചെറുപ്പമാണ് ഹരിതനിരൂപണം എന്നു സൂചിപ്പിക്കുവാനാണ് കാലം എടുത്തെഴുതിയത്. അത്തരത്തിലുള്ള ഒരു പദ്ധതി കൃതിയെ മനസ്സിലാക്കിയെടുക്കാവാന്‍ എന്തൊക്കെ തരത്തിലുള്ള ഉപകരണങ്ങളെയാണ് സങ്കല്പിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് ഹരിതനിരൂപണത്തിന്റെ ഉള്‍ബലങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാകാന്‍ അനുപേക്ഷണീയമാണ്.

(തുടരും.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement