Screen-grab, Copyrights: Amazon
Reading Time: 3 minutes
#ദിനസരികള്‍ 1088

 
പുനത്തില്‍ കുഞ്ഞബ്ദുളള, ഒരു ഡോക്ടറെന്ന തനിക്ക് നേരിടേണ്ടി വന്ന മറക്കാനാകാത്ത ചില ചികിത്സാനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്.’മരുന്നിനു പോലും തികയാത്ത ജീവിതം’ എന്നാണ് അദ്ദേഹം ആ ഓര്‍മ്മകളുടെ സമാഹാരത്തിന് പേരിട്ടിരിക്കുന്നത്. എത്രയൊക്കെ കൊട്ടിഗ്ഘോഷിച്ചാലും ആടയാഭരണങ്ങളില്‍ അലങ്കരിച്ചു വെച്ചാലും ജീവിതം ഒരാളുടേയും ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കുകയില്ലെന്നും തോന്നിയ വഴിയേ പാഞ്ഞ് തോന്നിയ പോലെ അവസാനിച്ചൊടുങ്ങിപ്പോകുകയേയുള്ളുവെന്നുമാണ് അദ്ദേഹം ഈ കുറിപ്പുകളില്‍ അടിവരയിടാന്‍‍ ശ്രമിക്കുന്നത്. അത്തരത്തിലുള്ള നൈമിഷകതയേയും അനിശ്ചിതത്വത്തേയും സൂചിപ്പിക്കുന്നതിനു വേണ്ടിയായിരിക്കണം മരുന്നിനു പോലും തികയാത്ത ജീവിതമെന്ന ഒരു പേര് അദ്ദേഹം തിരഞ്ഞെടുത്തത്.

അത്രത്തോളം, അഥവാ മരുന്നിനു പോലും തികയാത്തതാണോ ജീവിതം എന്ന ചോദ്യത്തെ തല്ക്കാലം വായനക്കാരനെന്ന നിലയില്‍ നമുക്കും മാറ്റിവെയ്ക്കാം. എന്നിട്ട് ജീവിതത്തെക്കുറിച്ചും അതൊഴുകുന്ന കൈവഴികളെക്കുറിച്ചും ഡോക്ടര്‍ പുനത്തിലിനുണ്ടായ അനുഭവങ്ങളെ പിന്‍പറ്റുക.അതോടൊപ്പം തന്നെ പുനത്തിലാണ് കഥാകാരനെന്ന ബോധവും നമ്മിലുണ്ടായിരിക്കേണ്ടതുണ്ട്. സ്വാഭാവികമായ ഒഴുക്കുകളെ അയാള്‍ ജീവിതത്തിലായാലും എഴുത്തിലായാലും അംഗീകരിക്കുന്നില്ല എന്നവസ്തുത നാം മറന്നു പോകരുത്.

സായാഹ്നം ആഘോഷിക്കാന്‍ ഒരു കളിവഞ്ചിയില്‍ സ്വച്ഛശാന്തമായ നദിയിലൂടെ നിങ്ങളങ്ങനെ സ്വാഭാവികമായി സഞ്ചരിക്കുന്നതിനെ പുനത്തില്‍ ഒട്ടുംതന്നെ അംഗീകരിച്ചു തരില്ല. അയാള്‍ നിശ്ചയമായും ആ ഒഴുക്കില്‍ ഇടപെടും. ചുഴികളും മലരികളുമുണ്ടാക്കും.

വെള്ളച്ചാട്ടങ്ങളെ സൃഷ്ടിച്ചു വെയ്ക്കും. കൊടുങ്കാറ്റുകളാല്‍ നിങ്ങളുടെ പായ്മരങ്ങളെ ആട്ടിയുലയ്ക്കും. ഒരു നിമിഷം കൊണ്ടായിരിക്കും നിങ്ങളുടെ രസമുകുളങ്ങളില്‍ കൊള്ളിയാന്‍ വന്നു വീഴുന്നത്. നിങ്ങള്‍ ചകിതരാകും. എല്ലാ സ്വാസ്ഥ്യങ്ങളും അവസാനിക്കും.

അതോടെ പുനത്തില്‍ ശാന്തനാകും. അപ്പോഴേക്കും തൃപ്തനായി ഒരു സിഗററ്റിനു തീകൊടുത്തു കൊണ്ട് അയാള്‍ കസേരയിലേക്ക് ചാഞ്ഞിരിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് പുനത്തില്‍ നിങ്ങളോട് പറയുന്ന അനുഭവങ്ങളെ നിങ്ങളുടെ അളവുകോലുകള്‍ കൊണ്ട് ഒന്നുകൂടി വിലയിരുത്തുക എന്നാണ് ഞാന്‍ അടിവരയിടുന്നത്.

എന്തായാലും എത്ര കരുതലോടെയിരുന്നാലും നര്‍മ്മത്തിന് ഒട്ടും പ്രാധാന്യം കുറയ്ക്കാതെയും വായനക്കാരനെ നടുക്കാന്‍ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് കഴിയുന്നുണ്ടെന്ന് സമ്മതിക്കാതെ വയ്യ. കരയുന്ന കുട്ടിക്ക് പാലില്ല എന്ന കുറിപ്പില്‍ ആ എഴുത്തിന്റെ ഒരു സ്വഭാവം നമുക്ക് വായിക്കാം. എന്നാല്‍ ഹാസ്യത്തിന്റെ നനുത്ത രസം പുരട്ടി അദ്ദേഹം നമുക്കു തരുന്ന സ്മരണകള്‍ പക്ഷേ നമുക്ക് പലപ്പോഴും നിറമിഴികളോടെ മാത്രമേ വായിച്ചവസാനിപ്പിക്കാന്‍ കഴിയൂ.

‘ഉദകക്രിയക്കു വേണ്ടി’ എന്ന പേരിലൊരു കുറിപ്പുണ്ട്. കതീശുമ്മ എന്ന രോഗിയുടെ കഥയാണ്. കുറച്ചു കാലം അവരെ കുഞ്ഞബ്ദുള്ള ചികിത്സിച്ചിട്ടുണ്ടായിരുന്നു. അതിനു ശേഷം അദ്ദേഹം അടിയന്തിരമായ എന്തോ ആവശ്യത്തെത്തുടര്‍ന്ന് ഗള്‍ഫിലേക്ക് പോയി. അധികകാലമൊന്നും അദ്ദേഹം അവിടെ നിന്നില്ല.

തിരിച്ചു വന്ന അദ്ദേഹത്തെ കാണാന്‍ പതിവുപോലെ കതീശുമ്മയെത്തി. ദിവസങ്ങള്‍ പഴയപോലെ ദിവസങ്ങള്‍ കടന്നുപോയി. കതീശുമ്മയുടെ ആരോഗ്യം ക്ഷയിച്ചുവന്നു. ഒരു ദിവസം അവരുടെ കൂടെ വരാറുണ്ടായിരുന്ന ഒരു കുട്ടി മാത്രമാണ് വന്നത്. “കതീശുമ്മയ്ക്ക് സുഖമില്ലെന്നും വീടുവരെ ചെന്ന് അവരോ നോക്കണമെന്നും അവര്‍ ചൊല്ലിയയച്ചതായി അവന്‍ പറഞ്ഞു. തിരക്കൊന്ന് കുറഞ്ഞപ്പോള്‍ ഞാന്‍ കതീശുമ്മയുടെ വീട്ടിലേക്ക് പുറപ്പെട്ടു.പട്ടണത്തില്‍ നിന്നും അധികം ദൂരത്തൊന്നുമല്ല അവരുടെ വീട്. കതീശുമ്മ ക്ഷീണിച്ചു കിടക്കുകയാണ്. ഇപ്പോള്‍ വിശപ്പ് തീരെയില്ല. ശോധന പോയിട്ട് കുറച്ചു ദിവസങ്ങളായി. ഓര്‍മ്മക്കുറവും വന്നുതുടങ്ങി.

ഞാന്‍ കതീശുമ്മയെ പരിശോധിച്ചു. അപ്പോഴാണ് നാഭിക്കടുത്ത് വലതുഭാഗത്ത് ഒരു മുഴയുണ്ടെന്ന് ഞാന്‍ അറിയുന്നത്. അടുത്തൊന്നും എനിക്കത് ഫീല്‍ ചെയ്തിട്ടില്ല. ഞാന്‍ ഉടുമുണ്ട് താഴോട്ട് നീക്കുമ്പോള്‍ കതീശുമ്മ എന്നെത്തടുത്തു. “ഡോട്ടറേ അത് മൊയയോ കുരുവോ അല്ല. ആയിരം ഉറുപ്യ കെട്ടി കീശയിലാക്കി വെച്ചതാ. മരിച്ചാ മയ്യത്തടക്കാനുള്ള ചെലവാ” ഞാന്‍ സ്തബ്ധനായി നില്ക്കുമ്പോള്‍ കതീശുമ്മ പറഞ്ഞു. “ഡോട്ടറേ, മയ്യത്തായിയിക്കയിഞ്ഞാ പിന്നെ നമ്മള് മറ്റുള്ളോല്ക്ക് ഒരു ബുദ്ധിമുട്ടാകരുത്. ഞാമ്പറഞ്ഞത് തെറ്റാ?” കതീശുമ്മ എന്നെ നോക്കിക്കിടക്കുയാണ്. ഇല്ല, ഒരു തെറ്റുമില്ല.

ഇത്തരം ജീവിതങ്ങളെയാണ് കുഞ്ഞബ്ദുള്ള മരുന്നിനു പോലും തികയാത്ത ജീവിതമെന്ന് (സ്വയമേവതന്നെയും) വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ജീവിതങ്ങള്‍ മരുന്നായിത്തന്നെ മാറുന്നുവെന്നാണ് ഞാന്‍ കരുതുന്നത്.

കുറിപ്പുകളില്‍ ആര്‍ത്തികളും ആവലാതികളും നിറഞ്ഞു നില്ക്കുന്നു. നാടകീയതയ്ക്കുവേണ്ടി പുനത്തിലിന്റെ വകയായി എരിവും പുളിയും അവയോടൊപ്പം ചേര്‍ത്തിട്ടുണ്ടാകും. ചില വെട്ടിത്തിരിയലുകള്‍ നടത്തിയിട്ടുണ്ടാകാം. എന്നാലും അവയൊക്കെയും തന്നെ ആത്യന്തികമായി മനുഷ്യജീവിതത്തേയും അതിന്റെ ക്ഷണികതയേയും കുറിച്ചുള്ളവ തന്നെയാണ്, അത് തന്നെയാണ് അതിന്റെ സാമൂഹിക പ്രസക്തിയും.

മരുന്നിനു പോലും തികയാത്ത ജീവിതം – ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, ഡി സി ബുക്സ്. വില 120 രൂപ

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement