കൊച്ചി ബ്യൂറോ:
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് കേന്ദ്ര ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല് ദിവസം തുടർച്ചയായി നൂറിലേറെ പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ഇന്ത്യയിൽ നാലായിരത്തി മുന്നൂറ്റി പന്ത്രണ്ട് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 149 പേർ മരണപ്പെട്ടിട്ടും ഉണ്ട്.
ഗുജറാത്തിലെ ജാംനഗറിൽ 14 മാസം പ്രായമായ കുഞ്ഞ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. എവിടെ നിന്നാണ് കുട്ടിക്ക് രോഗം വന്നതെന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമായിട്ടില്ല. തമിഴ്‌നാട്ടിലും ഒരാൾ ഇന്ന് വൈറസ് ബാധ മൂലം മരിച്ചു.
എന്നാൽ കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നത് ഏറെ ആശ്വാസകരമാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ആശുപത്രി വിടുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 263 പേരാണ് നിലവിൽ കോവിഡ് ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.